Wednesday, March 31, 2010

ദൈവം വിശ്രമിച്ചു-

യഹോവയെ കുറിച്ച് അല്ലെങ്കില്‍ ദൈവത്തെ കുറിച്ച് ഏതൊരു വിശ്വാസിയുടെയും ആദ്യ ധാരണ ദൈവം എല്ലാം അറിയുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നവനുമാണു എന്നതാണു. വിശദീകരണങ്ങളില്‍ വ്യത്യസ്ഥതയുണ്ടാവുമെങ്കിലും അടിസ്ഥാനകാര്യങ്ങളായ ഇവയില്‍ വിയോജിപ്പില്ലെന്നു പറയാം.

പക്ഷെ, അത്ഭുതകരമെന്നു പറയട്ടെ, ബൈബിളിലെ യഹോവ വിശ്രമിക്കുന്ന ദൈവമാണു.

2:1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.


2:2 താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും തീര്‍ത്ത ശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചു.


2:3 താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

എഴു വിവസം ഒരു മനുഷ്യന്‍ രാപ്പകല്‍ കഷ്ടപ്പെട്ടു പണിയെടുത്താല്‍ വിശ്രമമനിവാര്യം തന്നെ, പക്ഷെ അത് മനുഷ്യന്.

കോടാനുകോടി നക്ഷത്ര സമൂഹങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാറ്റിനെയും പരിപാലിക്കുന്ന യഹോവ നീണ്ടു നിവര്‍ന്നു കിടന്നാല്‍ ഇതൊക്കെ ആരു നോക്കി നടത്തും.

യഹോവ മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നവകാശപ്പെടുമ്പോള്‍ അത് മനുഷ്യന് നല്‍കിയ വലിയ ബഹുമതിയായാണ് ക്രൈസ്തവര്‍ പറയാറുള്ളത്, പക്ഷെ വായന നല്‍കുന്നതാകട്ടെ സര്വ്വ ശക്തനായ ദൈവത്തെ മനുഷ്യന്റെ പരിമിതിയിലേക്ക് ഒതുക്കുന്നു എന്ന ദുഖസത്യവും.

ഇനി യഹോവയുടെ അറിവോ?

3:8 വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.


3:9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.


3:10 തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.


3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.

താന്‍ നല്‍കിയ കല്പന മനുഷ്യന്‍ തെറ്റിച്ചു എന്ന് യഹോവ അറിയുന്നത് വൈകുന്നേരം ഈവനിങ്ങ് വാക്കിങ്ങിന് തന്റെ തോട്ടത്തില്‍ കാക്കാനേല്പിച്ച മനുഷ്യന്റെ വിവരമന്യേഷിക്കാന്‍ തുനിഞ്ഞപ്പോളാണ്, എന്നിട്ട് ഒരു മരത്തിന്റെ മറയില്‍ നില്‍ക്കുന്ന മനുഷ്യനെ യഹോവ തിരയുന്നു. നീ എവിടെ എന്നു ചോദിക്കുന്നു. നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിക്കുന്നു. ഇതെല്ലാം ഒരു സര്വ്വശക്തന്‍ ചെയ്യുന്നതോ അതോ മനുഷ്യന്‍ ചെയ്യുന്നതോ? ഈ യഹോവ എങ്ങിനെ കോടിക്കണക്കിനു മനുഷ്യരുടെ വേവലാതികള്‍ക്കുത്തരം നല്‍‌കും.

ഇവിടെ പൊളിഞ്ഞു പോകുന്നത് ദൈവത്തെ കുറിച്ചുള്ള എല്ലാം അറിയുന്നവന്‍ എന്ന വിശേഷണമാണു. എല്ലാം നിയന്ത്രിക്കുന്നവന്‍ എന്ന വിശേഷണമാണു.

എന്താണു ക്രൈസ്തവരേ നിങ്ങള്‍ ദൈവം കൊണ്ടു കളിക്കുന്നത്? ഈ പുസ്തകത്തിലെ ദൈവത്തിനെങ്ങിനെ ഒരു ദൈവമാകാന്‍ കഴിയും?

Monday, March 29, 2010

സാത്താന്‍ പിഴപ്പിച്ചെതിന്ന് പാമ്പെന്ത് പിഴച്ചു?



ആദമിന്റെ കഥ ബൈബിളില്‍ പറയുന്നിടത്ത് സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ വന്നതായാണു ക്രൈസ്തവ വിശദീകരണം. അത് ശരിയുമാകണം. ഒരു പാമ്പിന് വെറുതെ മനുഷ്യനോട് മുന്‍ വൈരാഗ്യമൊന്നുമുണ്ടാകേണ്ട കാര്യമെന്ത്?

പക്ഷെ ബൈബിള്‍ വിശദീകരണം എങ്ങിനെ തിരിച്ചും മറിച്ചും വായിച്ചാലും ഈ പാമ്പിനെ ഒന്ന് സാത്താനാക്കാനെത്ര പ്രയാസമാണെന്നോ?


3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

ഇവിടെ പാമ്പിന് കൊടുക്കുന്ന വിശേഷണം യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു എന്നാണ്.

ഈ പ്രസ്ഥാവന തന്നെ തെറ്റ്. എല്ലാ കാട്ടു ജന്തുക്കളേക്കാളും കൗശലമേറിയതാണോ പാമ്പ്?

ഇനി ഇത് സാത്താനാണെങ്കില്‍ സാത്താന്‍ കാട്ടു ജന്തുക്കളില്‍ പെട്ടവനാണെന്ന് വരില്ലെ?

ആ പാമ്പാണ് ബൈബിള്‍ പ്രകാരം സ്ത്രീയോട് ചോദിക്കുന്നത് തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്ന്-

ഇതിനെ ഒരു സാത്താന്‍ പ്രലോഭനമായേ എനിക്കു മനസ്സിലാക്കാന്‍ കഴിയൂ, പക്ഷെ സാത്താനെ കാട്ടു മൃഗങ്ങളില്‍ ഉള്‍പ്പെടുത്തിയതും പാമ്പിനെ കൗശലക്കാരനാക്കിയതും ബൈബിളാകാനേ സാധ്യതയുള്ളൂ, ദൈവമാകില്ല.

കഥ തുടരുന്നു. പ്രലോഭിക്കപ്പെട്ട സ്ത്രീ പഴം തിന്നുന്നു. ഇതറിഞ്ഞ ദൈവം ആദമിനെ ചോദ്യം ചെയ്തു.

3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.

ആദമിന്റെ ഉത്തരം വളരെ നിഷ്കളങ്കമാണു, സ്കൂള്‍ കുട്ടികള്‍ അവന്‍ പറഞ്ഞിട്ടാ ഞാനത് ചെയ്തത് എന്ന അതേ ശൈലി. എനിക്കീ ഭാഗം വളരെ ഇഷ്ടപ്പെട്ടു.

3:12 അതിന്നു മനുഷ്യര്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.

നീയല്ലെ ഇപ്പെണ്ണിനെ എനിക്ക് തന്നത്, എന്നിട്ടെപ്പൊ എന്തായി എന്നു?

3:13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

സ്ത്രീ കുറ്റം ഏല്‍ക്കുന്നുണ്ട്. പക്ഷെ ഞാനൊറ്റക്കല്ല ഇത് ചെയ്തത്. വേറെ ഒരാളും കൂടി പറഞ്ഞിട്ടെന്ന് സ്ത്രീ.

3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.

ഇത്രയും പ്രശ്നമില്ലായിരുന്നു, പക്ഷെ സാത്താന്‍ വേഷം മാറി വന്നതെന്ന് ദൈവത്തിനു മനസ്സിലായില്ല? കാരണം ദൈവം ശപിക്കുന്നത് പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താനേയല്ല. കന്നുകാലികളിലും കാട്ടുമൃഗങ്ങളിം പെട്ട പാവം പാമ്പിനെയാണു. അതല്ല അതുദ്ദേശിക്കുന്നത് സാത്താനെയാണെങ്കിലോ സത്താന്‍ ആയസ്സുകാലമത്രയും ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നുന്നുണ്ടോ?

3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും

പാമ്പ് സാത്താനാണെങ്കില്‍ മുകളിലെ വചനപ്രകാരം സാത്താന്റെ തല, സ്ത്രീയുടെ തലമുറകള്‍ തകര്‍ക്കുന്നുവോ? അതോ പാവം സാദാ പാമ്പിന്റെയോ?


Sunday, March 28, 2010

ആറു ദിവസം ആറു ചോദ്യങ്ങള്‍

ബൈബിളിലെ സൃഷ്ടിപ്പിന്റെ കണക്കുകള്‍ താഴെ പ്രകാരമാണു.


ഒന്നാം ദിവസം- ആകാശം, ഭൂമി, വെളിച്ചം, ഇരുട്ട്, പകല്‍, രാത്രി.
രണ്ടാം ദിവസം- വായു, അന്തരീക്ഷത്തെ ആകാശമെന്നു പേരിട്ടു.
മൂന്നാം ദിവസം- വെള്ളത്തെ കരയില്‍ നിന്നും വേര്‍ത്തിരിച്ചു, ഭൂമി സൃഷ്ടിച്ചു. വെള്ളത്തിനു കടലെന്നു പേരിട്ടു. ഭൂമിയില്‍ സസ്യങ്ങളെ സൃഷ്ടിച്ചു.
നാലാം ദിവസം-സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍- പകല്‍ വാഴേണ്ടതിന്നു വലിയ വെളിച്ചം- രാത്രി വാഴേണ്ടതിന്നു ചെറിയ വെളിച്ചം
അഞ്ചാം ദിവസം-മത്സ്യങ്ങള്‍, പക്ഷികള്‍,
ആറാം ദിവസം- കരജീവികള്‍, മനുഷ്യന്‍

ഏഴാം ദിവസം- വിശ്രമം

കഥ മനോഹരമാണു, കഥയില്‍ ചോദ്യവുമില്ല, പക്ഷെ ബൈബിള്‍ വെറുമൊരു കഥയില്ലാക്കഥയായിക്കൂടല്ലോ? അത് അവതരിപ്പിക്കുന്നത് ദൈവത്തിന്റെ കഥയല്ലെ?

1. വെളിച്ചം ദൈവം ഒന്നാം ദിവസം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ വെളിച്ചത്തിന്റെ കാരണമായ സൂര്യനെയും നക്ഷത്രങ്ങളെയും നാലാം ദിവസമാണു സൃഷ്ടിക്കുന്നത്. എങ്ങിനെയാണ് വെളിച്ചത്തിന്നു കാരണമായ നക്ഷത്രങ്ങളെ വെളിച്ചത്തിന്നു ശേഷം സൃഷ്ടിക്കുന്നത്?

2. ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, പകലും രാത്രിയും ആദ്യദിവസം മുതല്‍ തുടങ്ങുകയും ചെയ്യുന്നു. രാത്രിയും പകലുമുണ്ടാകുന്നത് സൂര്യനെ ഭൂമി കറങ്ങുന്നതിനാലെണെന്നിരിക്കെ എങ്ങിനെ ഒന്നാം ദിവസ്ം മുതല്‍ രാത്രിയും പകലുമുണ്ടാകുന്നു.?

3. ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, ഭൂമി എന്നത് സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്നും തെറിച്ചുണ്ടായ ഒരു ഗ്രഹമെന്ന് ശാസ്ത്രം. എങ്കില്‍ ഭൂമി എങ്ങിനെ സൂര്യനു മുമ്പുണ്ടാകും. അതോ ഭൂമിയില്‍ നിന്നു സൂര്യനുണ്ടായി എന്നോ? അതോ സൂര്യനില്‍ നിന്നും ഭൂമി ഉണ്ടായത് ക്രൈസ്തവര്‍ അംഗീകരിക്കില്ല എന്നോ?

4. സസ്യങ്ങളെ ദൈവം സൃഷ്ടിക്കുന്നത് മൂന്നാം ദിവസം. സൂര്യനെ നാലാം ദിവസവും. ഭൂമിയില്‍ സൂര്യനില്ലാതെ സസ്യങ്ങള്‍ എങ്ങിനെ നില നില്‍ക്കും. സൂര്യനു മുമ്പേ ഭൂമിയില്‍ സസ്യങ്ങളുണ്ടായിരുന്നോ?

5. നാലാം ദിവസം രാത്രി ഭരിക്കേണ്ടതിന്നു ചന്ദ്രനെന്ന വെളിച്ചത്തെ നിയമിക്കുന്നു. ചന്ദ്രനാകട്ടെ വെളിച്ചമില്ലതാനും. ഇത് ദൈവത്തിന്റെ അറിവില്‍ ഇല്ല എന്നു വരുമോ?

ബൈബിളിലെ ആദ്യ ഭാഗത്തെ ഏതാനും പേജുകള്‍ മറിക്കുമ്പോള്‍ തന്നെ ഇത്ര അബദ്ധങ്ങളാണുള്ളെതെന്ന് ഒറ്റവായനയില്‍ തന്നെ ശ്രദ്ധയില്‍ വരുന്നു.

ഇതെങ്ങിനെ ദൈവത്തില്‍ നിന്നു അവതരിക്കപ്പെട്ട പൂര്‍ണ്ണ രൂപത്തില്‍ നിലനില്‍ക്കുന്ന ദിവ്യ ഗ്രന്ഥമെന്നു അവകാശപ്പെടാന്‍ കഴിയും.

ഈ അഞ്ചു പുതിയ ചോദ്യങ്ങളും കഴിഞ്ഞ പോസ്റ്റിലെ ഒരു ചോദ്യവും ആറ് കാര്യങ്ങള്‍ എന്റെ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുമ്പില്‍ സമര്‍പ്പിക്കുന്നു.

Saturday, March 27, 2010

ഉല്പത്തിയിലെ ദിവസങ്ങള്‍

ഉല്പത്തി പുസ്തകം അഞ്ചാം അദ്ധ്യായം വരെയാകുന്നു ആദമിന്റെ ചരിത്രം ബൈബിള്‍ വിവരിക്കുന്നത്. അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം വരെ.

ബൈബിളിന്റെ ഈ ഭാഗങ്ങള്‍ സൂക്ഷ്മമായി വായിക്കുന്ന ഒരാള്‍ക്ക് ആ ഭാഗം മാത്രം മുന്‍‌നിറുത്തി ബൈബിള്‍ ദൈവവചനമല്ല എന്നു സ്വയം പറയുന്നു എന്നത് മനസ്സിലാക്കിത്തരും.

ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം.

1-ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2-ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിനുമീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3-വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4-വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു.
5-ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ബൈബിളിലെ ദിവസം സമയ ബന്ധിതമായാണു കാണുന്നത്.

ഗ്രീക്ക് ബൈബിളില്‍ കാണുന്നത് താഴെ പോലെ

καὶ ἐκάλεσεν ὁ θεὸς τὸ φῶς ἡμέραν καὶ τὸ σκότος ἐκάλεσεν νύκτα καὶ ἐγένετο ἑσπέρα καὶ ἐγένετο πρωί ἡμέρα μία

അതിന്റെ ഇം‌ഗ്ലിഷ് പരിഭാഷയിങ്ങനെ

And he called the light Day, and the darkness Night; and there was evening and morning, one day.

രാവിലെയും രാത്രിയുമടങ്ങുന്ന ഒരു ദിവസമാണു ബൈബിളിലെ ദിവസം. അതില്‍ ഭൂമിയേയും ആകാശത്തെയും ഒരേ ദിവസം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത് ബൈബിള്‍ പറയുന്ന ദിവസം ഇരുപത്തിനാലു മണിക്കൂര്‍ എന്ന പകലും രാത്രിയുമുള്ള ഒരു ദിവത്തെ കുറിച്ചാണെന്നു കാണാം. ആകാശം എന്നതില്‍ വിവക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള പ്രപഞ്ചത്തെ കുറിച്ചാണു. ഈ ആകാശവും ഭൂമിയും ഇരുപത്തിനാലു മണിക്കൂറില്‍ ദൈവം സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ ഇന്നത്തെ ഒരറിവുമായും അതു ശരിവക്കുന്നില്ല.

പഴയ നിയമത്തിലെ ദിവസം ഗ്രീക് ലെക്സികോണ്‍ പ്രകാരം തന്നെ

day (24 hour period) as defined by evening and morning in Genesis 1 as a division of time 1b a working day,

ഇനി ഹിബ്രു പദമനുസരിച്ചും ഇത് ശരിവക്കുന്നു.

ഖുര്‍‌ആനിലും ദിവസങ്ങളെ കുറിച്ചും പ്രപഞ്ച സൃഷ്ടിയെ കുറിച്ചും പരാമര്‍ശമുണ്ട്. പക്ഷെ രാവിലെയും രാത്രിയുമാകുന്ന ഒരു ദിവസ്മല്ല, കൂടാതെ അറബിയില്‍ ഉപയോഗിച്ച യൗം എന്ന പദത്തിന് അറബിക് ലെക്‌സികോണ്‍ പ്രകാരം.

Ya-Waw-Miim = day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event.

yawm n.m. (pl. ayyam) എന്നല്ലാം അര്‍ത്ഥം നല്‍കാവുന്നതും.

ബൈബിളില്‍ പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അദ്ധ്യായം ഒന്നിലെ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത് ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസമോ? അതോ ഖുര്‍‌ആനിലെ പോലെ ഒരു പിരീയഡോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദീകരണം താത്പര്യപ്പെടുന്നു.

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ബൈബിള്‍ ഇരുപത്തിനാലു മണിക്കൂര്‍ എന്ന സമയത്തിലൂള്ളില്‍ നടന്ന ഒരു സൃഷ്ടിപ്പ് എന്നോ അതോ ഒരു നീണ്ടകാലത്തിന്റെ കാലയളവില്‍ നടന്ന ഒരു സംഭവമെന്നോ?

ഇരുപത്തി നാലു മണിക്കൂര്‍ എന്ന വാദമാണെങ്കില്‍ ബിഗ്‌ബാങ് തിയറിയെയും മറ്റെല്ലാ നിഗമനങ്ങളെയും നമുക്ക് ബൈബിളിന്റെ വെളിച്ചത്തില്‍ നിഷേധിക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ വെളിച്ചത്തില്‍ ബൈബിളിന്റെ ദൈവീകത ചോദ്യം ചെയ്യപ്പെടും.

അപ്പോള്‍ ഹിബ്രുവില്‍ ഉപയോഗിച്ച ( י - ium -day ) എന്ന വാക്ക് ഉല്‍‌പത്തി പുസ്തകത്തില്‍ ഉപയോഗിച്ചത് ഇരുപത്തിനാലു മണിക്കൂര്‍ എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് age/period of time എന്ന അര്‍ത്ഥത്തിലാണെന്ന് വിശദീകരിക്കേണ്ടി വരും.

ഒരേ സമയം ഇരുപത്തി നാലു മണിക്കൂറാവാനും കാലഘട്ടമാകുവാനും സമയത്തിനു കഴിയില്ലല്ലോ?


Tuesday, March 23, 2010

ആദ്യപാപമെന്ന ആദ്യനുണ

ക്രൈസ്തവതയുടെ അടിവേര് ആദ്യപാപ സങ്കല്പത്തിലാണു.
എന്താണു ആദ്യപാപം -

ഏദന്‍ തോട്ടത്തില്‍ പാര്‍പ്പിച്ച ആദ്യമനുഷ്യന്‍ ആദം ദൈവ കല്പനക്ക് എതിരായി പ്രവര്‍ത്തിച്ചതിനാല്‍ എല്ലാ ആദമിന്റെ മക്കളും ആ പാപം പേറുന്നു എന്ന വിശ്വാസമാണു ആദ്യപാപം.

വിശ്വാസത്തിനും ഒരടിസ്ഥാനമുണ്ടാകണം. ക്രൈസ്തവരുടെ അടിസ്ഥാന പ്രമാണങ്ങളായ പഴയനിയമത്തിലും പുതിയ നിയമത്തിലും നേരിട്ട് ഇത്രയും വലിയ പാപമാണു ആദം ചെയ്തത് എന്ന ഒരു പരാമര്‍ശം പോലുമില്ല എന്നത് അത്ഭുതകരമാണു.

മറിച്ച് ആദം ഒരു തെറ്റു ചെയ്തു അതിന്നു ദൈവം തക്കതായ ഒരു ശിക്ഷയും നല്‍കി എന്ന് ഒറ്റവായനയില്‍ തന്നെ ആര്‍ക്കും ബോധ്യമാകുന്ന ഒന്നും.

മനുഷ്യോത്പത്തിയുടെ കഥയിങ്ങനെ-

1:24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
1:25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.

അതായത് സൃഷ്ടിപ്പിന്റെ ആറാം ദിവസത്തില്‍ ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിക്കുന്നു.


2:5 യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.
2:6 ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
2:8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
2:9 കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.


2: 15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
2:16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
2:17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
2:18 അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.


2: 21 ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

2:22 യഹോവയായ ദൈവം മനുഷ്യനില്‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.
2:23 അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

2:24 അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവള്‍ ഏക ദേഹമായി തീരും.

2:25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.




3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

3:2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
3:3 എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
3:4 പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
3:5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
3:6 ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
3:7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.
3:8 വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
3:9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
3:10 തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.
3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.
3:12 അതിന്നു മനുഷ്യര്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
3:13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.
3:16 സ്ത്രീയോടു കല്പിച്ചതു: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും; അവന്‍ നിന്നെ ഭരിക്കും.
3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിന്‍ നിന്നു അഹോവൃത്തി കഴിക്കും.
3:18 മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.
3:19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
3:20 മനുഷ്യന്‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു; അവര്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.
3:21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല്‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
3:22 യഹോവയായ ദൈവം: മനുഷ്യര്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
3:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി.
3:24 ഇങ്ങനെ അവര്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവര്‍ ഏദെന്‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി.


5:1 ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
5:2 സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.
5:3 ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
5:4 ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
5:5 ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു

ആദം ദൈവത്തിന്റെ കല്പന തെറ്റിക്കുന്നു, അതിന്നു ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കി. തിന്മക്കനുസൃതമായ പ്രതിഫലം.

എന്നിട്ട് ഭൂമിയില്‍ തൊള്ളായിരത്തി മുപ്പത് കൊല്ലം ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതിന്നിടയില്‍ നല്ലവരും ചീത്തവരുമായ മക്കള്‍ ഉണ്ടാകുകയും വശം തുടങ്ങുകയും ചെയ്യുന്നു.

ദൈവ വചനമെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന ബൈബിളില്‍ പോലും ആദ്യപാപം പിന്തുടര്‍ച്ചാവകാശമായി ലഭിക്കുന്ന ഒന്ന് എന്ന പരാമര്‍ശമില്ലാതിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വിശ്വാസം രൂപപ്പെടുത്തുന്നത് എത്ര ബാലിശമാണു.


ആദമിലും സ്വര്‍ഗ്ഗത്തിലും ദൈവത്തിലുമെല്ലാം മുസ്ലിങ്ങളും വിശ്വസിക്കുന്നു, അപ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ചുള്ള ഇസ്ലാമിക വിശ്വാസമെന്ത്?

അടുത്ത പോസ്റ്റില്‍....


Monday, March 22, 2010

ആമുഖം

പുതിയ ഒരു ബ്ലോഗ് കൂടി തുടങ്ങുകയാണു. പേര്‍ സൂചിപ്പിക്കുന്നത് പോലെ ഇസ്ലാമുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസവുമായി ഇസ്ലാമിനുള്ള ചര്‍ച്ചകളാണു ഇവിടെ ഉദ്ദേശിക്കുന്നത്.

സ്വാഭാവികമായും ഒരു മുസ്ലിം എന്ന നിലയിലുള്ള എന്റെ വീക്ഷണങ്ങളുമായി എന്റെ ക്രൈസ്തവ വായനക്കാര്‍ക്ക് വിയോജിക്കുവാനുള്ള സാധ്യതയും ചോദ്യം ചെയ്യുവാനുള്ള അവകാശത്തെയും മാനിക്കുന്നു. അതോടൊപ്പം എന്റെ വീക്ഷണങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തെയും എനിക്കു മാനിക്കേണ്ടതുണ്ട്.

എങ്കിലും ഞാന്‍ ഇവിടെ ഉപയോഗിക്കുന്ന തെളിവുകളും ക്രൈസ്തവര്‍ അം‌ഗീകരിക്കുന്ന സ്ത്രോതസ്സുകളില്‍ നിന്നു മാത്രമാകുമെന്നു ഉറപ്പു നല്‍കുന്നു. വിശദീകരണങ്ങളില്‍ വിയോജിക്കാനുള്ള സാധ്യതയുണ്ടാകാം.

ഇതൊരു തുറന്ന ചര്‍ച്ച മാത്രമാണു, പക്ഷെ എത്ര മിതമായ രീതിയിലായാലും വിമര്‍ശനം അര്‍ക്കുമിഷ്ടമുണ്ടാകുന്ന ഒന്നല്ല. അതിനാല്‍ ആരെയും വേദനിപ്പിക്കില്ല എന്നു എനിക്കു പറയാന്‍ കഴിയില്ല. പക്ഷെ വൈകാരികമായി പ്രകോപിപ്പിക്കുക എന്നത് ഞാന്‍ ഒഴിവാക്കുന്നതാണു. എപ്പോള്‍ എന്നില്‍ നിന്നും പാകപ്പിഴവുകളുണ്ടാകുന്നുവോ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു.

സം‌വാദങ്ങള്‍ എല്ലാം ഒരിടത്താകുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ത വിഷയങ്ങള്‍ വ്യത്യസ്ത വേദികളിലായി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണു ഇങ്ങിനെ ഒരു ബ്ലോഗ് ആരംഭിക്കുന്നത്.

അപ്പോള്‍ നമുക്ക് ആദമില്‍ നിന്നു തുടങ്ങാം - അല്ല.. ആദ്യത്തില്‍ നിന്നു-----

ആദ്യപാപത്തില്‍ നിന്നു

ആദ്യപാപമോ അതോ ആദ്യപാഠമോ?