Sunday, May 9, 2010

ഇസ്രായേലുകാര്‍ ഈജിപ്തില്‍

യോസഫ് അഥവാ യൂസഫ് നബിയുടെ ചരിത്രം ഏറെക്കുറെ ബൈബിളിലും ഖു‌ര്‍‌ആനിലുമൊരുപോലെ കാണാം. എങ്കിലും വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ധാരാളം. ഖുര്‍‌ആനില്‍ മറ്റു പ്രവാചക ചരിത്രങ്ങളില്‍ നിന്നും വ്യ്ത്യസ്തമായി ഒരിടത്തു തന്നെ തുടര്‍ച്ചയായി കൊടുത്ത ഒരു പ്രവാചക ചരിത്രമാണ് യൂസഫ് നബിയുടേത്.

യാക്കൂബ് നബിക്ക് പന്ത്രണ്ട് ആണ്‍കുട്ടികള്‍, പതിനൊന്നാമന്‍ യൂസഫ്. പ്രവാചകത്വം യൂസഫിന്നായിരിക്കുമെന്ന് മനസ്സിലാക്കിയ യാക്കോബ് നബിക്ക് യൂസഫിനോട് കൂടുതല്‍ താത്പര്യം.

യൂസുഫ്‌ തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക്‌ വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച്‌ മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു.

ഖുര്‍‌ആനിലെ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ചുള്ള യഅകൂബ് നബിയുടെ പ്രതികരണമിങ്ങനെയായിരുന്നു. യൂസഫ്നബി പ്രവാചകത്വത്തിന്നുടമയാകുമെന്ന് യഅകൂബ് നബി മനസ്സിലാക്കുന്നത് യൂസഫ്നബിയുടെ സ്വപ്നത്തിന്റെ വിവരം തന്റെ പിതാവിനെ അറിയീക്കുന്നതിനാലാണ്.

ഈ ഭാഗം ബൈബിളില്‍ ഇങ്ങിനെയാണു.

5. യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.6. അവന്‍ അവരോടു പറഞ്ഞതുഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .
7. നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
8. അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. 9. അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 10. അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു. 11. അവന്റെ സഹോദരന്മാര്‍ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.

ഖുര്‍‌ആനില്‍ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ച് സഹോദരര്‍ക്കറിയില്ല. പിതാവ് യൂസഫിനെ സ്നേഹിക്കുന്നതില്‍ അവര്‍ക്ക് അവനോട് വലരെ കോപമുണ്ടെന്നു മാത്രം.

അപ്രകാരം നിന്‍റെ രക്ഷിതാവ്‌ നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ്‌ കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ്‌ നിന്‍റെ രണ്ട്‌ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത്‌ പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

യൂസഫും അനിയനും കൂടുതല്‍ പിതാവിനിഷ്ടപ്പെട്ടവരായതില്‍ മറ്റു സഹോദരര്‍ അസൂയാലുക്കളാകുകയും യൂസഫിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

യൂസുഫും അവന്‍റെ സഹോദരനുമാണ്‌ നമ്മുടെ പിതാവിന്‌ നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു ( പ്രബലമായ ) സംഘമാണ്‌ താനും. തീര്‍ച്ചയായും നമ്മുടെ പിതാവ്‌ വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്‌.
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ ( കൊണ്ടുപോയി ) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക്‌ ഒഴിഞ്ഞ്‌ കിട്ടും. അതിന്‌ ശേഷം നിങ്ങള്‍ക്ക്‌ നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന്‌ അവര്‍ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. )
അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്‌. നിങ്ങള്‍ക്ക്‌ വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ ( ഒരു ) കിണറ്റിന്‍റെ അടിയിലേക്ക്‌ ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌ കൊള്ളും-

എന്താണു യൂസഫിനെ ചെയ്യേണ്ടതെന്നതിന്നു സഹോദരര്‍ എത്തുന്ന ഒരു തീരുമാനമാണു ഇത്. അങ്ങിനെ അവര്‍ പിതാവിനോട് യൂസഫിനെ തങ്ങളുടെ കൂടെ ആടിനെ മേക്കാന്‍ പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടു.

( തുടര്‍ന്ന്‌ പിതാവിന്‍റെ അടുത്ത്‌ ചെന്ന്‌ ) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ്‌ താനും.
നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച്‌ നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച്‌ കൊള്ളാം.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത്‌ തീര്‍ച്ചയായും എനിക്ക്‌ സങ്കടമുണ്ടാക്കുന്നതാണ്‌. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു ( പ്രബലമായ ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും.

പിതാവിനോട് അവനെ വീട്ടിലുരുത്തിയാല്‍ മാത്രം പോരല്ലോ - കാര്യങ്ങളെല്ലാം പഠിപ്പിക്കാന്‍ ഞങ്ങളുടെ കൂടെ വിടണമെന്നും അവനെ ഞങ്ങള്‍ സമ്രക്ഷിക്കാമെന്നും വാക്ക് കൊടുത്തു അവനെ കൊണ്ടു പോകുന്നു.

അങ്ങനെ അവര്‍ അവനെ ( യൂസുഫിനെ ) യും കൊണ്ടുപോകുകയും, അവനെ കിണറ്റിന്‍റെ അടിയിലേക്ക്‌ ഇടുവാന്‍ അവര്‍ ഒന്നിച്ച്‌ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ( അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ) തീര്‍ച്ചയായും നീ അവര്‍ക്ക്‌ അവരുടെ ഈ ചെയ്തിയെപ്പറ്റി ( ഒരിക്കല്‍ ) വിവരിച്ചുകൊടുക്കുമെന്ന്‌ അവന്ന്‌ ( യൂസുഫിന്‌ ) നാം ബോധനം നല്‍കുകയും ചെയ്തു. ( അന്ന്‌ ) അവര്‍ അതിനെപറ്റി ബോധവാന്‍മാരായിരിക്കുകയില്ല.
അവര്‍ സന്ധ്യാസമയത്ത്‌ അവരുടെ പിതാവിന്‍റെ അടുക്കല്‍ കരഞ്ഞുകൊണ്ട്‌ ചെന്നു.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച്‌ ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത്‌ വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.
യൂസുഫിന്‍റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ്‌ അവര്‍ വന്നത്‌. പിതാവ്‌ പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ്‌ നിങ്ങള്‍ക്ക്‌ ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്‌. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ ( എനിക്ക്‌ ) സഹായം തേടാനുള്ളത്‌ അല്ലാഹുവോടത്രെ.
മുന്‍‌കൂട്ടി പദ്ധതിയിട്ടതു പോലെ തന്നെ അവര്‍ അവനെ കിണറ്റില്‍ താഴെക്കിട്ടു. അവന്റെ കുപ്പായത്തില്‍ ഒരാടിന്റെ ചോര പുരട്ടി കരഞ്ഞു യാക്കോബിന്റെ അടുക്കല്‍ ചെന്നു ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ചെന്നായ പിടിച്ചെന്നു നുണ പറഞ്ഞൂ.

കിണറ്റിലെ യൂസഫിനെന്തു സംഭവിച്ചു?

ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക്‌ വെള്ളം കൊണ്ട്‌ വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്നെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

ഇത്രയും ഭംഗിയുള്ള ഒരു ബാലനെ എവിടെനിന്ന് കിട്ടി എന്ന ചോദ്യങ്ങളൊഴിവാക്കാനാണു അവര്‍ അവനെ വേഗം വിറ്റു കളഞ്ഞത്.

ഈജിപ്തില്‍ നിന്ന്‌ അവനെ ( യൂസുഫിനെ ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട്‌ പറഞ്ഞു: ഇവന്ന്‌ മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക്‌ പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന്‌ നാം ആ ഭൂപ്രദേശത്ത്‌ സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ നാം അറിയിച്ച്‌ കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.
അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന്‌ നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക്‌ അപ്രകാരം നാം പ്രതിഫലം നല്‍കുന്നു.

ഈജിപ്തിലെ രാജാവിന്റെ ഒരുദ്യോഗസ്ഥനായിരുന്നു യൂസഫിനെ വിലക്കു വാങ്ങിയത്, അയാള്‍ അവനോട് വളരെ സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി. എന്നാല്‍

അവന്‍ ( യൂസുഫ്‌ ) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച്‌ പൂട്ടിയിട്ട്‌ അവള്‍ പറഞ്ഞു: ഇങ്ങോട്ട്‌ വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ്‌ എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
അവള്‍ക്ക്‌ അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന്‌ അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം ( സംഭവിച്ചത്‌ ) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന്‌ നാം തിരിച്ചുവിടുന്നതിന്‌ വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.

പലരീതിയിലുള്ള പ്രലോഭനങ്ങളില്‍ നിന്നും അവന്‍ ഒഴിഞ്ഞു മാറി എന്നല്‍ ഒരു ദിവസം

അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക്‌ മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന്‌ അവന്‍റെ കുപ്പായം ( പിടിച്ചു. അത്‌ ) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച്‌ അവളുടെ നാഥനെ ( ഭര്‍ത്താവിനെ ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.
യൂസുഫ്‌ പറഞ്ഞു: അവളാണ്‌ എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ്‌ പറഞ്ഞത്‌. അവനാകട്ടെ കളവ്‌ പറയുന്നവരുടെ കൂട്ടത്തിലാണ്‌.
എന്നാല്‍ അവന്‍റെ കുപ്പായം പിന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ്‌ പറഞ്ഞത്‌. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്‌.
അങ്ങനെ അവന്‍റെ ( യൂസുഫിന്‍റെ ) കുപ്പായം പിന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളത്‌ എന്ന്‌ കണ്ടപ്പോള്‍ അയാള്‍ ( ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌ ) പറഞ്ഞു: തീര്‍ച്ചയായും ഇത്‌ നിങ്ങളുടെ ( സ്ത്രീകളുടെ ) തന്ത്രത്തില്‍ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.
യൂസുഫേ നീ ഇത്‌ അവഗണിച്ചേക്കുക. ( പെണ്ണേ, ) നീ നിന്‍റെ പാപത്തിന്‌ മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു.

ആ നാട്ടിലെ സദാചാരത്തിനുള്ള ഒരുദാഹരണവുമായാണു ഈ സംഭവം കൊടുക്കുന്നത്, തന്റെ ഭാര്യക്ക് മോറ്റു പുരുഷനില്‍ താത്പര്യമുണ്ടെന്ന വാര്‍ത്ത അയാളെ അലോസരപ്പെടുത്തുന്നില്ല, മാത്രമല്ല ഭാര്യ അനുരക്തനായ ഒരു ചെറുപ്പക്കാരനെ പിന്നെയും ആ വീട്ടില്‍ താമസിപ്പിക്കുന്നതിലോ ഒരു പ്രയാസം തോന്നുന്നില്ല.

കാര്യം നാട്ടില്‍ പാട്ടായി

നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട്‌ പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.
അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക്‌ അവള്‍ ആളെ അയക്കുകയും അവര്‍ക്ക്‌ ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും ( പഴങ്ങള്‍ മുറിക്കാന്‍ ) അവള്‍ ഓരോ കത്തി കൊടുത്തു. ( യൂസുഫിനോട്‌ ) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക്‌ പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക്‌ അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത്‌ പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക്‌ തന്നെയാണ്‌.
അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്‍റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്‌. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അപ്പോള്‍ അവന്‍ ( സ്വയം കളങ്കപ്പെടുത്താതെ ) കാത്തുസൂക്ഷിക്കുകയാണ്‌ ചെയ്തത്‌. ഞാനവനോട്‌ കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും


യൂസഫ് അതി സുന്ദരനായിരുന്നു, അതിനാല്‍ തന്നെ ഇത്ര സുന്ദരനായ ഒരുവനുമായി ഞാന്‍ ശയിക്കുക തന്നെ ചെയ്യും എന്നാണ് വീട്ടുകാരി പരസ്യമായി പ്രഖ്യാപിക്കുന്നത്. യൂസഫ് അല്ലഹുവില്‍ അഭയം തേടി.

അവന്‍ ( യൂസുഫ്‌ ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതല്‍ പ്രിയപ്പെട്ടത്‌ ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട്‌ നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക്‌ ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.
അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ്‌ സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന്‌ അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

ഒരു രീതിയിലും യൂസഫ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ അവനെ തടവിലടണമെന്നു ഭര്‍‌ത്താവിനോട് ആവശ്യപ്പെട്ടു.

പിന്നീട്‌ തെളിവുകള്‍ കണ്ടറിഞ്ഞതിന്‌ ശേഷവും അവര്‍ക്ക്‌ തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌-

യൂസഫിന്നു ആ വീടിനേക്കാള്‍ താത്പര്യം ജയില്‍ തന്നെയായിരുന്നു.

അവനോടൊപ്പം രണ്ട്‌ യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ്‌ പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട്‌ അതില്‍ നിന്ന്‌ പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക്‌ താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത്‌ സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌.
അവന്‍ ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങള്‍ക്ക്‌ ( കൊണ്ടുവന്ന്‌ ) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക്‌ വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്‌. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.
എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത്‌ ( സന്‍മാര്‍ഗദര്‍ശനം. ) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.യിലിലെ രണ്ട്‌ സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?

അവരിലെ രണ്ടു പേര്‍ കണ്ട സ്വപ്ന വ്യാഖ്യാനം യൂസഫ് വിശദീകരിച്ചു.

ജയിലിലെ രണ്ട്‌ സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന്‌ വീഞ്ഞ്‌ കുടിപ്പിച്ച്‌ കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട്‌ അയാളുടെ തലയില്‍ നിന്ന്‌ പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.
അവര്‍ രണ്ട്‌ പേരില്‍ നിന്ന്‌ രക്ഷപ്പെടുന്നവനാണ്‌ എന്ന്‌ വിചാരിച്ച ആളോട്‌ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിന്‍റെ യജമാനന്‍റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്‍റെ യജമാനനോട്‌ അത്‌ പ്രസ്താവിക്കുന്ന കാര്യം പിശാച്‌ അവനെ മറപ്പിച്ച്‌ കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം ( യൂസുഫ്‌ ) ജയിലില്‍ താമസിച്ചു.

അപ്പോഴാണു ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കാണുന്നത്.

( ഒരിക്കല്‍ ) രാജാവ്‌ പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ്‌ പച്ചക്കതിരുകളും, ഏഴ്‌ ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന്‌ വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക്‌ വിധി പറഞ്ഞുതരൂ.
അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല.

കൊട്ടാരത്തിലെ സ്വപ്ന വ്യാഖ്യാതാക്കളെല്ലാം തന്നെ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ രക്ഷപ്പെട്ട ജയില്വാസി യൂസഫിനെ കുറിച്ചോര്‍ത്തു.

ആ രണ്ട്‌ പേരില്‍ ( യൂസുഫിന്‍റെ രണ്ട്‌ ജയില്‍ സുഹൃത്തുക്കളില്‍ ) നിന്ന്‌ രക്ഷപ്പെട്ടവന്‍ ഒരു നീണ്ടകാലയളവിന്‌ ശേഷം ( യൂസുഫിന്‍റെ കാര്യം ) ഓര്‍മിച്ച്‌ കൊണ്ട്‌ പറഞ്ഞു: അതിന്‍റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ വിവരമറിയിച്ചു തരാം. നിങ്ങള്‍ ( അതിന്‌ ) എന്നെ നിയോഗിച്ചേക്കൂ.
( അവന്‍ യൂസുഫിന്‍റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: ) ഹേ, സത്യസന്ധനായ യൂസുഫ്‌, തടിച്ച്‌ കൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ്‌ പച്ചക്കതിരുകളുടെയും വേറെ ഏഴ്‌ ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട്‌ എനിക്ക്‌ അവരുടെ അടുത്തേക്ക്‌ മടങ്ങാമല്ലോ.
അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട്‌ നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച്‌ ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.
പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച്‌ വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്‌. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‍പം ഒഴികെ.
പിന്നീടതിന്‌ ശേഷം ഒരു വര്‍ഷം വരും. അന്ന്‌ ജനങ്ങള്‍ക്ക്‌ സമൃദ്ധി നല്‍കപ്പെടുകയും, അന്ന്‌ അവര്‍ ( വീഞ്ഞും മറ്റും ) പിഴിഞ്ഞെടുക്കുകയും ചെയ്യും.

രാജാവിനു മനസ്സിലായി ഇതാണു ശരിയായ വ്യാഖ്യാനമെന്നു.

രാജാവ്‌ പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. അങ്ങനെ തന്‍റെ അടുത്ത്‌ ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്ക്‌ തിരിച്ചുപോയിട്ട്‌ സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.

തന്നെ മോചിപ്പിക്കാന്‍ തയ്യാറായപ്പോഴും താന്‍ കുറ്റവാളിയായിരുന്നില്ല എന്നു ജനം അംഗീകരിച്ചെ ഞാന്‍ പുറത്തു വരുന്നുള്ളൂ എന്ന് യൂസഫ് പ്രഖ്യാപിച്ചു.

( ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്‌ ) അദ്ദേഹം ( രാജാവ്‌ ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
അത്‌ ( ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അറിയുന്നതിന്‌ വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്പ്രവൃത്തിക്ക്‌ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

യൂസഫിന്റെ സത്യസന്ധതയില്‍ ആകര്‍ഷ്ടനായ രാജാവ് അദ്ദേഹത്തെ തന്റെ ഖജനാവിന്റെ ചുമതല ഏല്പ്പിച്ചു.

രാജാവ്‌ പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. ഞാന്‍ അദ്ദേഹത്തെ എന്‍റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹത്തോട്‌ സംസാരിച്ചപ്പോള്‍ രാജാവ്‌ പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന്‌ നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.
അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.
അപ്രകാരം യൂസുഫിന്‌ ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത്‌ താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.
വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക്‌ പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.

അങ്ങിനെയിരിക്കെ തന്റെ സഹോദരര്‍ ഒരിക്കല്‍ ചരക്കുകള്‍ വില്‍ക്കാനും ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുമായി ഈജിപ്തിലെത്തി.

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുത്ത്‌ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.
അങ്ങനെ അവര്‍ക്ക്‌ വേണ്ട സാധനങ്ങള്‍ അവര്‍ക്ക്‌ ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരണം. ഞാന്‍ അളവ്‌ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ്‌ ഞാന്‍ നല്‍കുന്നത്‌ എന്നും നിങ്ങള്‍ കാണുന്നില്ലേ?
എന്നാല്‍ അവനെ നിങ്ങള്‍ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്‍റെ അടുക്കല്‍ നിന്ന്‌ അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല.
അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്‍റെ കാര്യത്തില്‍ അവന്‍റെ പിതാവിനോട്‌ ഒരു ശ്രമം നടത്തിനോക്കാം. തീര്‍ച്ചയായും ഞങ്ങളത്‌ ചെയ്യും.
അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ ഭൃത്യന്‍മാരോട്‌ പറഞ്ഞു: അവര്‍ കൊണ്ട്‌ വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത്‌ മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം.

ഒരപരിചിതരോടെന്ന വണ്ണം യൂസഫ് അവരോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ഇനി സാധങ്ങള്‍ കിട്ടണമെങ്കില്‍ അനിയനെ കൂടി കൊണ്ടു വരണമെന്നു പറയുകയും ചെയ്തു. സഹോദരര്‍ പിതാവിനോട് കാര്യം പറഞ്ഞു.

അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്‍റെ അടുത്ത്‌ തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക്‌ അളന്നുതരുന്നത്‌ മുടക്കപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക്‌ അളന്നുകിട്ടുന്നതാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.
അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ മുമ്പ്‌ ഞാന്‍ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവന്‍റെ കാര്യത്തില്‍ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.
അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക്‌ തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക്‌ തന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. ( മേലിലും ) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന്‌ ആഹാരം കൊണ്ട്‌ വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്ന അളവ്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്‌.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ട്‌ വന്നുതരുമെന്ന്‌ അല്ലാഹുവിന്‍റെ പേരില്‍ എനിക്ക്‌ ഉറപ്പ്‌ നല്‍കുന്നത്‌ വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ ( ആപത്തുകളാല്‍ ) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ്‌ അദ്ദേഹത്തിന്‌ അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന്‌ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്‍റെ മേല്‍ തന്നെയാണ്‌ ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്‌.
അവരുടെ പിതാവ്‌ അവരോട്‌ കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന്‌ തടുക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന്‌ മാത്രം. നാം അദ്ദേഹത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.

അവര്‍ അടുത്ത തവണ ചെറിയ സഹോദരനുമായി യൂസഫിന്റെ അരികില്‍ വന്നു.

അവര്‍ യൂസുഫിന്‍റെ അടുത്ത്‌ കടന്ന്‌ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ തന്നിലേക്ക്‌ അടുപ്പിച്ചു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ്‌ നിന്‍റെ സഹോദരന്‍. ആകയാല്‍ അവര്‍ ( മൂത്ത സഹോദരന്‍മാര്‍ ) ചെയ്ത്‌ വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
യൂസഫ് തന്റെ സഹോദരനെ തന്റെ അരികില്‍ നിര്‍ത്താന്‍ ഒരു തന്ത്രം പ്രയോഗിക്കുന്നു.

അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക്‌ ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പാനപാത്രം തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്‌.
അവരുടെ നേരെ തിരിഞ്ഞ്‌ കൊണ്ട്‌ ( യാത്രാസംഘം ) പറഞ്ഞു: എന്താണ്‌ നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌?
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ വന്ന്‌ തരുന്നവന്‌ ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്നത്‌ ( ധാന്യം ) നല്‍കുന്നതാണ്‌. ഞാനത്‌ ഏറ്റിരിക്കുന്നു.
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ,ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന്‌ നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.
അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത്‌ ശിക്ഷയാണ്‌ നല്‍കേണ്ടത്‌ ?
അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്‍റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത്‌ അവനെ പിടിച്ച്‌ വെക്കുകയാണ്‌ അതിനുള്ള ശിക്ഷ. അപ്രകാരമാണ്‌ ഞങ്ങള്‍ അക്രമികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
എന്നിട്ട്‌ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട്‌ തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന്‌ അദ്ദേഹമത്‌ പുറത്തെടുത്തു. അപ്രകാരം യൂസുഫിന്‌ വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച്‌ അദ്ദേഹത്തിന്‌ തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്‌.
അവര്‍ ( സഹോദരന്‍മാര്‍ ) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ ( അതില്‍ അത്ഭുതമില്ല. ) മുമ്പ്‌ അവന്‍റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ യൂസുഫ്‌ അത്‌ തന്‍റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട്‌ അദ്ദേഹം അത്‌ ( പ്രതികരണം ) പ്രകടിപ്പിച്ചില്ല. അദ്ദേഹം ( മനസ്സില്‍ ) പറഞ്ഞു: നിങ്ങളാണ്‌ മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്‌.

എങ്കിലും തങ്ങളുടെ പിതാവിന് ഇതുള്‍കൊള്ളാന്‍ കഴിയില്ലെന്ന് അവര്‍ ഭയപ്പെട്ടു അവര്‍ യൂസഫിനോട് അപേക്ഷിച്ചു.

അവര്‍ പറഞ്ഞു: പ്രഭോ! ഇവന്‌ വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത്‌ ഞങ്ങളില്‍ ഒരാളെ പിടിച്ച്‌ വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത്‌ സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്‌.
അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച്‌ വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.
അങ്ങനെ അവനെ ( സഹോദരനെ ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച്‌ മാറിയിരുന്ന്‌ കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ്‌ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട്‌ ഉറപ്പ്‌ വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ്‌ നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ്‌ കൂടെ? അതിനാല്‍ എന്‍റെ പിതാവ്‌ എനിക്ക്‌ അനുവാദം തരികയോ, അല്ലാഹു എനിക്ക്‌ വിധി തരികയോ ചെയ്യുന്നത്‌ വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍.
നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെന്നിട്ട്‌ പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. അദൃശ്യകാര്യം ഞങ്ങള്‍ക്ക്‌ അറിയുമായിരുന്നില്ലല്ലോ.
ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ ( ഇങ്ങോട്ട്‌ ) ഒന്നിച്ച്‌ യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക്‌ എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത്‌ കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത്‌ പോയി. അങ്ങനെ അദ്ദേഹം ( ദുഃഖം ) ഉള്ളിലൊതുക്കി കഴിയുകയാണ്‌.
അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും.
അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.
എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച്‌ അന്വേഷിച്ച്‌ നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.
അങ്ങനെ യൂസുഫിന്‍റെ അടുക്കല്‍ കടന്ന്‌ ചെന്നിട്ട്‌ അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക്‌ അളവ്‌ തികച്ചുതരികയും, ഞങ്ങളോട്‌ ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നതാണ്‌.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ്‌ യൂസുഫ്‌. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട്‌ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: ഇന്ന്‌ നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച്‌ ഏറ്റവും കാരുണികനാകുന്നു.

യൂസഫാണു തങ്ങളുടെ മുന്നിലുള്ളതെന്നറിഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടു, എന്നാല്‍ യൂസഫ് അവരോട് പ്രതികാരം ചെയ്തില്ല.

നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട്‌ പോയിട്ട്‌ എന്‍റെ പിതാവിന്‍റെ മുഖത്ത്‌ ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട്‌ നിങ്ങള്‍ എന്‍റെ അടുത്ത്‌ വരുകയും ചെയ്യുക.
യാത്രാസംഘം ( ഈജിപ്തില്‍ നിന്ന്‌ ) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ്‌ ( അടുത്തുള്ളവരോട്‌ ) പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നുണ്ട്‌. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ ( നിങ്ങള്‍ക്കിത്‌ വിശ്വസിക്കാവുന്നതാണ്‌. )
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്‌.
അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്ത്‌ വെച്ച്‌ കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ഞാന്‍ അറിയുന്നുണ്ട്‌ എന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ-തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണ്ടി എന്‍റെ രക്ഷിതാവിനോട്‌ ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

യൂസഫ് കണ്ട സ്വപ്നത്തെ കുറിച്ചറിയുന്ന യ‌അകൂബ് നബിക്കറിയാമായിരുന്നു ആസ്വപ്നം പുലര്‍ന്നേ മതിയാവുകയുള്ളൂ എന്നു. അങ്ങിനെ അവരെല്ലാവരും ഈജിപ്തിലേക്ക് പുറപ്പെട്ടു.

അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക്‌ അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട്‌ ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.
അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
( യൂസുഫ്‌ പ്രാര്‍ത്ഥിച്ചു: ) എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഭരണാധികാരത്തില്‍ നിന്ന്‌ ( ഒരംശം ) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും ( ചിലത്‌ ) നീ എനിക്ക്‌ പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.

ഇങ്ങിനെയാനു യാക്കോബിന്റെ കുടുമ്പം അഥവാ ഇസ്രായേല്‍ കുടുമ്പം ഈജിപ്തിലേക്കെത്തുന്നത്. ഈജിപ്തിലെ അടിമകളായി ഇസ്രായേലുകാര്‍ മാറാനുള്ള ചരിത്രവും മോശ മോചിപ്പിക്കുന്നതും ഇവിടെ തുടങ്ങുന്നു.

1 comment:

  1. എത്രവായിച്ചാലും മതിയാകാത്ത ഒന്നാണു യൂസുഫ്‌ നബി(അ.സ)യുടെ ചരിത്രം.

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.