Monday, March 29, 2010

സാത്താന്‍ പിഴപ്പിച്ചെതിന്ന് പാമ്പെന്ത് പിഴച്ചു?



ആദമിന്റെ കഥ ബൈബിളില്‍ പറയുന്നിടത്ത് സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ വന്നതായാണു ക്രൈസ്തവ വിശദീകരണം. അത് ശരിയുമാകണം. ഒരു പാമ്പിന് വെറുതെ മനുഷ്യനോട് മുന്‍ വൈരാഗ്യമൊന്നുമുണ്ടാകേണ്ട കാര്യമെന്ത്?

പക്ഷെ ബൈബിള്‍ വിശദീകരണം എങ്ങിനെ തിരിച്ചും മറിച്ചും വായിച്ചാലും ഈ പാമ്പിനെ ഒന്ന് സാത്താനാക്കാനെത്ര പ്രയാസമാണെന്നോ?


3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

ഇവിടെ പാമ്പിന് കൊടുക്കുന്ന വിശേഷണം യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു എന്നാണ്.

ഈ പ്രസ്ഥാവന തന്നെ തെറ്റ്. എല്ലാ കാട്ടു ജന്തുക്കളേക്കാളും കൗശലമേറിയതാണോ പാമ്പ്?

ഇനി ഇത് സാത്താനാണെങ്കില്‍ സാത്താന്‍ കാട്ടു ജന്തുക്കളില്‍ പെട്ടവനാണെന്ന് വരില്ലെ?

ആ പാമ്പാണ് ബൈബിള്‍ പ്രകാരം സ്ത്രീയോട് ചോദിക്കുന്നത് തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്ന്-

ഇതിനെ ഒരു സാത്താന്‍ പ്രലോഭനമായേ എനിക്കു മനസ്സിലാക്കാന്‍ കഴിയൂ, പക്ഷെ സാത്താനെ കാട്ടു മൃഗങ്ങളില്‍ ഉള്‍പ്പെടുത്തിയതും പാമ്പിനെ കൗശലക്കാരനാക്കിയതും ബൈബിളാകാനേ സാധ്യതയുള്ളൂ, ദൈവമാകില്ല.

കഥ തുടരുന്നു. പ്രലോഭിക്കപ്പെട്ട സ്ത്രീ പഴം തിന്നുന്നു. ഇതറിഞ്ഞ ദൈവം ആദമിനെ ചോദ്യം ചെയ്തു.

3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.

ആദമിന്റെ ഉത്തരം വളരെ നിഷ്കളങ്കമാണു, സ്കൂള്‍ കുട്ടികള്‍ അവന്‍ പറഞ്ഞിട്ടാ ഞാനത് ചെയ്തത് എന്ന അതേ ശൈലി. എനിക്കീ ഭാഗം വളരെ ഇഷ്ടപ്പെട്ടു.

3:12 അതിന്നു മനുഷ്യര്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.

നീയല്ലെ ഇപ്പെണ്ണിനെ എനിക്ക് തന്നത്, എന്നിട്ടെപ്പൊ എന്തായി എന്നു?

3:13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

സ്ത്രീ കുറ്റം ഏല്‍ക്കുന്നുണ്ട്. പക്ഷെ ഞാനൊറ്റക്കല്ല ഇത് ചെയ്തത്. വേറെ ഒരാളും കൂടി പറഞ്ഞിട്ടെന്ന് സ്ത്രീ.

3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.

ഇത്രയും പ്രശ്നമില്ലായിരുന്നു, പക്ഷെ സാത്താന്‍ വേഷം മാറി വന്നതെന്ന് ദൈവത്തിനു മനസ്സിലായില്ല? കാരണം ദൈവം ശപിക്കുന്നത് പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താനേയല്ല. കന്നുകാലികളിലും കാട്ടുമൃഗങ്ങളിം പെട്ട പാവം പാമ്പിനെയാണു. അതല്ല അതുദ്ദേശിക്കുന്നത് സാത്താനെയാണെങ്കിലോ സത്താന്‍ ആയസ്സുകാലമത്രയും ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നുന്നുണ്ടോ?

3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും

പാമ്പ് സാത്താനാണെങ്കില്‍ മുകളിലെ വചനപ്രകാരം സാത്താന്റെ തല, സ്ത്രീയുടെ തലമുറകള്‍ തകര്‍ക്കുന്നുവോ? അതോ പാവം സാദാ പാമ്പിന്റെയോ?


41 comments:

  1. കാട്ടിപ്പരുത്തി,
    എല്ല മത ഗ്രന്ധങ്ങളും മനുഷ്യ സൃഷ്ടിയാണെന്ന് ആദ്യം മനസ്സിലാക്കുക.6 ലക്ഷം വർഷം മുൻപ്‌ ജീവിച്ചിരുന്ന മനുഷ്യന്റെ fossil ഭൂമിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്‌.. അതിനർത്ഥം, 6 ലക്ഷം വർഷം മുൻപും ഭൂമിയിൽ മനുഷ്യ ജീവിതം ഉണ്ടായിരുന്നുവേന്നല്ലേ?. പിന്നെ വെറും 1500 വഷം മുൻപ്‌ മനുഷ്യരെ ഉദ്ധരിക്കാൻ ഒരു പുസ്തകം ആകാശത്തുനിന്നും ഇറങ്ങാൻ കാരണമെന്തായിരിക്കും? അതിനുമുൻപും ജീവിച്ചിരുന്ന മനുഷ്യർ അവിശ്വാസികളായി മരിക്കാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്‌? പ്രപഞ്ചം ഉണ്ടാകുന്നതിനുമുൻപ്‌ ഇറങ്ങിയ പുസ്തകമായിരുന്നെങ്കിൽ ശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ പാറയിൽ ദൈവവചനങ്ങൾക്കു പകരം ആനയുടെയും കുതിരയുടെയും പടം വരച്ചു വച്ചത്‌ എന്തിനായിരിക്കും?
    പിന്നെ പാമ്പിന്റെയും പാപത്തിന്റെയും കഥ. തലയിൽ വെളിച്ചമുള്ള ആരും ഇങ്ങനൊരു കഥ വിശ്വസിക്കുകയില്ല.സുബോധമുള്ള ഒരു ദൈവവും ചെയ്യാത്ത പണിയാണ്‌ ബൈബിളിൽ പറഞ്ഞുവച്ചിരിക്കുന്നത്‌.
    ഒരു സുപ്രഭാതത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നു.(ബൈബിളിലെ കണക്കു പ്രകാരം ഏതാണ്ട്‌ 6000 കൊല്ലം മുൻപ്‌)
    ദൈവം ത്രികാല ജ്ഞാനിയാകുന്നു.. താൻ സൃഷ്ടിക്കാൻ പോകുന്ന മനുഷ്യന്‌ ഭാവിയിൽ എന്തുസംഭവിക്കുമെന്ന് ദൈവത്തിന്‌ അറിയാം. എപ്പോൾ, എങ്ങനെ പഴം പറിച്ചു തിന്നുമെന്നുള്ള കാര്യം തീർച്ചയായും അറിയാം.
    (ഒരു മകനുണ്ടായാൽ, അവനെ ചുമ്മാ പരീക്ഷിക്കാൻ വേണ്ടി,അവൻ പറിച്ചുതിന്നുമെന്ന് അറിഞ്ഞിട്ടും , ആരെങ്കിലും മുറ്റത്തൊരു വിഷക്കായ കായ്കുന്ന മരം നട്ടുപിടിപ്പിക്കുമോ? അതാണ്‌ ദൈവത്തിന്‌ സുബോധമില്ലെന്ന് ആദ്യം പറഞ്ഞത്‌.)
    എന്നിട്ട്‌, ചുമ്മാ ഒന്നും അറിയാത്തവനേപ്പോലെ ദൈവം ആദത്തോടു പറയുന്നു: "തോട്ടത്തിലെ എല്ലാ പഴവും നിനക്കു ഭക്ഷിക്കാം, നന്മതിന്മകളേക്കുറിച്ച്‌ വിവരം തരുന്ന ആ ഒരു വൃക്ഷത്തിലേതൊഴിച്ച്‌"
    പിന്നീടു നടന്ന കഥ നമുക്കറിയാം..ആദം ദൈവകൽപന ലംഘിക്കുന്നു.ദൈവത്തിന്‌ ഇത്‌ നേരത്തെ അറിയാമായിരുന്നതുകൊണ്ട്‌ ദൈവത്തിന്റെ ആഗ്രഹപ്രകാരമാണ്‌ ആദം കൽപന ലംഘിച്ചതെന്ന് നിസ്സംശയം പറയാം. എന്നിട്ടും ആദം ശിക്ഷിക്കപ്പെട്ടതിന്റെ ന്യായം എന്താണ്‌?

    ഈവക മണ്ടത്തരങ്ങൾ വായിച്ചും അതേപ്പറ്റി നീണ്ട സംവാദങ്ങളും ചർച്ചകളും നടത്തി ചുമ്മാ സമയം കളയാതെ ആ സമയത്ത്‌ മനുഷ്യന്‌ ഉപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്താൽ ഇതുതാൻ സ്വർഗ്ഗം..
    നന്മകൾ നേരുന്നു..

    ReplyDelete
  2. മതഗ്രന്ഥങ്ങളില്‍ എഴുതിയതെല്ലാം അതിന്റെ വാച്യാര്‍ഥത്തില്‍ എടുക്കുന്നത് അസംബന്ധമാണ്.

    ReplyDelete
  3. കിടങ്ങൂരാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ മറ്റോ ആണ് ജീവിക്കുന്നത്. ഇത് വെറും ഏഴാം നൂറ്റാണ്ടാണെന്ന് അവനറിയുന്നില്ല

    ReplyDelete
  4. കാട്ടിപരുത്തി, ബൈബിള്‍ ഉല്പത്തി പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ ഇങ്ങനെ എഴുതിയിട്ടുണ്ട്:

    സൃഷ്‌ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്‌ധത്തിന്‍െറ ചരിത്രമാണ്‌ ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്‌തമായ ചരിത്രസാക്‌ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്‌ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്‌തുകൂടാ. സൗഭാഗ്യപൂര്‍ണമായ അവസ്‌ഥയില്‍ ദൈവം സൃഷ്‌ടിച്ച മനുഷ്യന്‌ ഒരു രക്‌ഷാകരപദ്‌ധതി ആവശ്യകമായിത്തീര്‍ന്നത്‌ എങ്ങനെയെന്ന്‌ ഇവിടെ വ്യക്‌തമാക്കുന്നു.

    എന്നുവച്ചാല്‍ അതിനു തെളിവ് അന്വേഷിച്ചുപോയിട്ടു കാര്യമില്ല. സമയം കളയാം എന്നല്ലാതെ. പിന്നെ ബൈബിള്‍ കീറിമുറിച്ചു ക്രിസ്ത്യാനിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുക എന്നാണു താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ "പുതിയ നിയമം" ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം അതിലാണ് ക്രിസ്ത്യാനിയുടെ അടിസ്ഥാനം ഉള്ളത്. "പഴയ നിയമം" കുഴിച്ചിട്ടു കാര്യമില്ല. അത് ക്രിസ്തുവിനു മുന്പുള്ളതാണ്‌. ക്രിസ്തുവിനു മുന്‍പ് ക്രിസ്ത്യാനി ഉണ്ടാവില്ലല്ലോ....

    ReplyDelete
    Replies
    1. നല്ല മറുപടി.
      ശാസ്ത്രത്തിന്റെ കഥകൾ തേടിപോയാലും ഇതേ പോലെ ഉത്തരമില്ലാതെ, വ്യക്തമായ തെളിവുകൾ ഇല്ലാതെ വിശ്വസിക്കേണ്ടി വരും. നിസ്സാരം വായു ഇല്ലാത്ത ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യർ അവിടെ പറക്കുന്ന കൊടി നാട്ടിയിട്ട് തിരിച്ചു പോന്നു എന്നത് സമാന്യബുദ്ധിയുള്ള ആർക്കും ഉൾകൊള്ളാൻ കഴിയില്ല.

      Delete
  5. സന്തോഷ്-

    ബൈബിളിന് ആമുഖമെഴുതിയത് ദൈവമല്ലല്ലോ? മനുഷ്യനെന്നല്ലെ വിശ്വാസം. ബൈബിളിന്റെ ആദ്യ ഭാഗങ്ങള്‍ ഞാന്‍ ചരിത്രത്തിന്റെ സാക്ഷ്യത്തില്‍ പരിശോധിച്ചിട്ടേ ഇല്ല. പക്ഷെ മനുഷ്യ ബുദ്ധിയുടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ പരിശോധിക്കാമല്ലോ അല്ലെ?

    ഒരു തെളിവും ഞാന്‍ അന്യേഷിച്ചില്ല, പക്ഷെ ഇത് രക്ഷാ പദ്ധതിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ദൈവ വചനത്തിനെങ്കിലും ഒരു രക്ഷ വേണ്ടേ?

    പഴയ നിയമത്തിന്റെ തുടര്‍ച്ചയായിട്ടല്ലേ ക്രൈസ്തവര്‍ പുതിയ നിയമത്തെ കാണുന്നത്. അടിസ്ഥാനം തന്നെ പിഴച്ചതഅണെങ്കില്‍ തുടര്‍ച്ച എങ്ങിനെ ശരിയാകും. സന്തോഷെന്താണു പറഞ്ഞു വരുന്നത് ക്രിസ്തുവിനു മുമ്പുള്ള പ്രവാചകരടക്കമുള്ളവര്‍ ക്രൈസ്തവരല്ലന്നോ? അപ്പോള്‍ ക്രിസ്തു ദൈവമല്ലെന്നു സമ്മതിക്കുകയല്ലെ ചെയ്യുന്നത്?

    ReplyDelete
    Replies
    1. ക്രിസ്തുവിന് മുമ്പുള്ളവരെ ക്രൈസ്തവർ എന്ന് ആരാണ് വിശേഷിപ്പിക്കുന്നത് ? അപ്പോസ്തല പ്രവർത്തികൾ അധ്യായം 2 വായിച്ചാൽ , ക്രിസ്തുവിനെ അനുഗമിച്ചവരെ ആണ് ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്. അതിന് മുമ്പുള്ളവരെ അബ്രഹാമിന്റെ സന്തതി പരമ്പയെന്നോ അവരിലെ 12 ഗോത്രങ്ങളിൽ ഒന്നായ യഹൂദർ എന്നോ ആണ് അറിയപ്പെടുന്നത്. അവർക്കുള്ള രക്ഷയും ക്രിസ്ത്യാനിക്കുള്ള രക്ഷാമാർഗ്ഗവും രണ്ടും രണ്ടാണ്. ഒരു കാര്യം ചെയ്യുമ്പോൾ അത്യാവശ്യം ചിന്തിച്ചു പ്രവർത്തുക്കുന്ന മനുഷ്യരെക്കാൾ വലിയവനാണല്ലോ ദൈവം? മനുഷ്യന്റെ അറിവിലും ബുദ്ധിയിലും ചിന്തിക്കാൻ പറ്റുന്ന കാര്യങ്ങളാണ് താങ്കളും ഞാനും സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

      Delete
  6. vrajesh

    മത ഗ്രന്ഥം ദൈവ വചനമാണെന്നവകഅശപ്പെടുമ്പോള്‍ അന്യേഷണം സ്വാഭാവികം മാത്രമാണു.

    ReplyDelete
  7. കിടങ്ങൂരാന്‍- അരുണ്‍ / Arun

    ഇത് മുസ്ലിം ക്രൈസ്തവ സം‌വാദം-
    യുക്തിവാദികള്‍ പടിക്കു പുറത്ത്. അവര്‍ക്കതാ മറ്റൊരു ബ്ലോഗു തന്നെ -
    വായനക്കു നന്ദി കെട്ടോ-

    :)

    ReplyDelete
  8. പാമ്പ് സാത്താനാണെങ്കില്‍ മുകളിലെ വചനപ്രകാരം സാത്താന്റെ തല, സ്ത്രീയുടെ തലമുറകള്‍ തകര്‍ക്കുന്നുവോ? അതോ പാവം സാദാ പാമ്പിന്റെയോ?


    സാദാ പാമ്പിന്റെ തല ആരായാലും തകര്‍ക്കും.(ധൈര്യമുള്ളവരാണെങ്കില്‍ )

    സാത്താനെന്ന പാമ്പിന്റെ തല തകര്‍ത്തത് ഒരാളേയുള്ളൂ. ഒരു പക്ഷേ അയാള്‍ക്കേ അതിനു കഴിയൂ.

    ReplyDelete
  9. കാട്ടിപ്പരുത്തി,
    ഞാനൊരു യുക്തിവാദിയല്ല സാർ..സത്യക്രിസ്ത്യാനിയാണ്‌..അൽപം ചിന്താശേഷിയും ഒരു ഇച്ചിരെ വകതിരിവുമുള്ള ക്രിസ്ത്യാനി..
    അപ്പോൾ പിന്നെകാണാം..

    ReplyDelete
  10. കിടുങ്ങൂരാന്‍-

    കിടുങ്ങൂരാന്റെ ബ്ലോഗിലെ വിഷയവും പോസ്റ്റിലെ കമെന്റും ചേര്‍ത്തി വന്ന നിഗമനത്തിനു ക്ഷമ ചോദിക്കുന്നു, എങ്കിലും ബൈബിള്‍ വിശ്വസിക്കാത്ത ക്രിസ്ത്യാനി എങ്ങിനെ സത്യക്രിസ്ത്യാനിയാകുമെന്ന സം‌ശയം ബാക്കിയും നില്‍ക്കുന്നു.

    ആ സ്മൈലി അവിടെയുണ്ട് കെട്ടോ-

    ReplyDelete
  11. സാജന്‍-
    അപ്പോള്‍ ആ സാത്താന്‍ പാമ്പ് കാട്ടു ജന്തുക്കളില്‍ പെട്ടതാണോ?

    ReplyDelete
  12. കാട്ടുജാ‍തിയോ നാട്ടു ജാതിയോ താങ്കള്‍ ബൈബിള്‍ നോക്കി തന്നെ തീരുമാനിക്ക്.

    സാത്താനേയോ പാമ്പിനേയോ മുമ്പില്‍ പിടിച്ചു നിറുത്തി യേശു അതിന്റെ തല തല്ലി തകര്‍ത്തിട്ടില്ല. അത് ഒരു പ്രയോഗമാണ്.
    സാത്താന്‍ ഒരു റെപ്രസ്ന്റേഷന്‍ ആണെന്ന് ആദ്യം മനസിലാക്കുക. പാപത്തിന്റെ പ്രതീകം. യേശു പാപത്തില്‍ മേലും പാപത്തിന്റെ സന്താനമായ മരണത്തിന്റെ മേലുമാണ് വിജയം നേടിയത്.

    ഇനി താങ്കള്‍ ചോദിക്കൂ... പാപം പ്രസവിക്കുമോ എന്ന്‌?!!

    ReplyDelete
  13. അപ്പോള്‍ ആദമും ഹവ്വയും സ്വര്‍ഗ്ഗവും ആദ്യപാപവും എല്ലാം പ്രതീകങ്ങള്‍ മാത്രമാകില്ലെ?

    ReplyDelete
  14. താങ്കള്‍ക്ക് ആക്കണമെങ്കില്‍ ആക്കി കൊള്ളൂ.. ബൈബിളില്‍ ഉണ്ടെങ്കില്‍ അതിനു വേണ്ട വചനം കൊണ്ടു വരൂ. എന്നിട്ടു പോരേ ചര്‍ച്ച

    ReplyDelete
  15. ചര്‍ച്ച വീക്ഷിക്കുന്നു..!

    സാജന്‍ അല്‍പ്പം സ്പീഡിലാണെന്ന് തോന്നുന്നു...:):)

    ആശംസകളോടെ..!

    ReplyDelete
  16. സാജന്‍-

    പോസ്റ്റിലുള്ളതെല്ലാം ബൈബിള്‍ വചനങ്ങള്‍ മാത്രം. അതും തുടര്‍ച്ച, ഒരു ഭാഗം ഒരിടത്തു നിന്നും മറ്റൊന്നു വേറിടത്തുനിന്നും മുറിച്ച് തുന്നികൂട്ടി ഉണ്ടാക്കിയ തെറ്റിദ്ധരിപ്പിക്കലല്ല. എന്നിട്ട് ഇനിയും ബൈബിള്‍ വചനമെവിടെയെന്നോ?

    ReplyDelete
  17. ഇനിയും ബൈബിള്‍ വചനമെവിടെയെന്നോ?

    ബൈബിളില്‍ ഇഷ്ടം പോലെ ദൈവവചനങ്ങള്‍ ഉണ്ട്. ആദത്തിനെ പ്രതീകമാക്കാന്‍ ഉതകുന്ന ദൈവവചനം കൊണ്ടു വരാനാണ് ഞാന്‍ പറഞ്ഞത്.

    ReplyDelete
  18. കാട്ടിപ്പരുത്തി,
    ക്രിസ്ത്യാനികളാരും ബൈബിളിനോ അതിലെ വാചകങ്ങൾക്കോ ഒരു പരിധിയിലപ്പുറം പ്രാധാന്യം കൊടുക്കുന്നില്ല.ഒരു സാധാരണ ക്രിസ്ത്യാനിയുടെ ദൈനംദിനജീവിതത്തിൽ ബൈബിളോ അതിലെ വചനങ്ങങ്ങളൊ സംശാരവിഷയമാകാറില്ല. ഒരുപാട്‌ അബദ്ധങ്ങൾ ബൈബിളിലുടനീളം കാണാം. പ്രത്യേകിച്ച്‌ പഴയനിയമത്തിൽ." ഒരുത്തന്‌ ശുക്ലസ്രാവമുണ്ടായാൽ അവൻ 14 ദിവസത്തേക്ക്‌ അശുദ്ധനായിരിക്കും, അവൻ സ്പർശിക്കുന്ന വസ്തുക്കളും അപ്രകാരം തന്നെ, അവയെല്ലാം അഗ്നിക്കിരയാക്കണം" എന്നു പഴയനിയമത്തിൽ ദൈവകൽപനയാണ്‌. ഇന്നും ആ നിയമം പാലിക്കണമെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അവനെ കുനിച്ചുനിറുത്തി കൂമ്പിനിടിക്കണമെന്നേ സമാന്യ ബോധമുള്ളവർ പറയൂ. അതാണു സുഹൃത്തെ ഞാൻ നേരത്തെ പറഞ്ഞത്‌ സത്യകൃസ്ത്യാനിയെന്നാൽ ബൈബിളിൽ എഴുതിയിരിക്കുന്നതെല്ലാം അപ്പാടെ വെള്ളം തൊടാതെ വിഴുങ്ങുന്നവനല്ല എന്ന്‌.
    ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  19. പാമ്പ് ഒരു പ്രതീകമാണെന്നും ബൈബിളില്‍ കാണില്ല, ഇവിറ്റെ വിഷയമതല്ല സാജന്‍, കേവലമൊരു പ്രതീകത്തെ കാട്ടുജന്തുക്കളില്‍ പെടുത്തുന്ന ദൈവ വചനത്തിന്റെ സ്വീകാര്യതയാണു. ബൈബിളൊരു മുത്തശ്ശിക്കഥയാണെങ്കില്‍ ഈ പ്രശ്നമൊന്നുമില്ലന്നേ- പഞ്ച തന്ത്ര കഥകളിലെ വരികള്‍ ആരെങ്കിലും ചരച്ചക്കെടുക്കുമോ?

    ReplyDelete
  20. പഞ്ച തന്ത്ര കഥകളിലെ വരികള്‍ ആരെങ്കിലും ചരച്ചക്കെടുക്കുമോ?

    ബൈബിളും അപ്രകാരമെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ എന്തിന് അത് ചര്‍ച്ചയ്ക്ക് എടുക്കണം? ഈ നിലയ്ക്ക് പഞ്ചതന്ത്ര കഥകളിലും താങ്കള്‍ മുഹമദ് നബിയെ കുറിച്ചുള്ള പ്രവചനം ഉണ്ടെന്ന് സ്ഥാപിക്കുമല്ലോ?

    ReplyDelete
  21. Revelation 12:9

    ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
    ---
    ഇതാ പ്രതീകം

    ReplyDelete
  22. കിടുങ്ങൂരാന്‍ -

    നിങ്ങളുടെ നിലപാടെനിക്കു മനസ്സിലായി, ഞാന്‍ അതിനെ മാനിക്കുകയും ചെയ്യുന്നു. പക്ഷെ ക്രൈസ്തവ വിശ്വാസപ്രകാരം ബൈബിള്‍ ദൈവ പ്രചോതിതമായി എഴുതിയ ദൈവവചനങ്ങളാണു. ക്രൈസ്തവതയുടെ അടിസ്ഥാനവുമാണു. അതുന്റെ അടിസ്ഥാനത്തിലുള്ള ഒരു വായനയാണു ഞാന്‍ നടത്തുന്നത്- എന്റെ ആമുഖത്തില്‍ ഞാനത് വ്യക്തമാക്കിയതുമാണ്.

    സ്വാഭാവികമായ ഒരു തുറന്ന ചര്‍ച്ച- നല്ലതു തന്നെ. സാജന്‍ ഖുര്‍‌ആനും ഇങ്ങിനെ വിമര്‍‌ശന വിധേയമാക്കുന്നതിനെ ഞാന്‍ പോസിറ്റീവ് ആയിട്ടാണു കാണുന്നത്. സാജന്റെ ഒരു ബ്ലോഗ് തന്നെ ഖുര്‍‌ആനെ കുറിച്ചാണു, ഞാന്‍ അവിടെയും കമെന്റ് ചെയ്യാറുണ്ട്. ഇത് ഒരു തുറന്ന ചര്‍ച്ചയുടെ ഭാഗമായി മാത്രം കാണുമല്ലോ-

    ReplyDelete
  23. സാജന്‍-

    പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും വിട്ടു യോഹന്നാനുണ്ടായ വെളിപാടിലെ വരാനിരിക്കുന്ന ഒരു പ്രവചനത്തിലെ ഒരു വാക്കും അതിന്റെ വ്യാഖ്യാനവും ഉല്പത്തിയിലെ പാമ്പുമായി കൂട്ടികെട്ടുമ്പോള്‍ പാമ്പിന്റെ വിവരണമായ കാട്ടുജന്തു എന്ന നാമവിശേഷണം മറന്നു പോകരുത്-

    വെളിപാടിന്ന് സുവിശേഷങ്ങളുടെ പ്രാധാന്യം ക്രൈസ്തവര്‍ നല്‍കുന്നുണ്ടോ? ഉണ്ടെങ്കിലും സാത്താന്‍ കാട്ടു ജന്തുവാകുമോ?

    ReplyDelete
  24. കാട്ടിപ്പരുത്തി,

    താങ്കള്‍ക്ക് ബൈബിളില്‍ നിന്നും ഒരു ഉത്തരമാണ് തന്നത്. എന്റെ സ്വന്തം ആശയമല്ല എന്ന് മനസ്സിലാക്കി തരാന്‍. ബൈബിള്‍ ആശയം നോക്കിയാണ് മനസ്സിലാക്കേണ്ടത്. അക്ഷരം നോക്കിയല്ല.
    (ഖുര്‍ ആനില്‍ പോലും ആശയം മനസ്സിലാക്കിയാണ് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. അപ്പോള്‍ താങ്കള്‍ പറയുന്നു അങ്ങിനെ ചില അക്ഷരങ്ങള്‍ ഇല്ലന്ന്. ഉദ്ദാ: ആത്മീയ പിതാവ്)

    താങ്കള്‍ക്ക് അക്ഷരം കുഴിക്കാനാണ് താത്പര്യമെങ്കില്‍ അങ്ങിനെ തുടരാം. എനിക്കതിനു താത്പര്യമില്ല.

    ReplyDelete
  25. സാജന്‍-
    സാത്താനെ പാമ്പായി കാണില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല, നിങ്ങളുടെ ബൈബിള്‍ പാമ്പിനു നല്‍കുന്ന വിശേഷണം കാട്ടു ജന്തുക്കളില്‍ എന്ന ഭാഗം ബൈബിളിലെ അബദ്ധമാണെന്നാണു ഞാന്‍ സൂചിപ്പിക്കുന്നത്, അതെന്റെ പോസ്റ്റില്‍ വ്യക്തമാണല്ലോ- സാത്താനെ വെറും പാമ്പാക്കി വിശദീകരണം നല്‍കിയത് ദൈവമാകില്ല, ബൈബിളെഴുതിയ ക്രൈസ്തവരെ ആകൂ എന്നാണു ഞാന്‍ സമര്‍ത്ഥിക്കുനത്. പാമ്പോ സാത്താനോ എന്നതല്ല വിഷയം - അത് സാജനു മനസ്സിലാകുന്നില്ല.

    ReplyDelete
  26. ബൈബിളെഴുതിയ ക്രൈസ്തവരെ ആകൂ എന്നാണു ഞാന്‍ സമര്‍ത്ഥിക്കുനത്.

    കണ്‍ക്ലൂഷന്‍ എനിക്കിഷ്ടപ്പെട്ടു. Carry On.

    ReplyDelete
  27. കാരണം അബദ്ധങ്ങള്‍ ദൈവത്തിനു വരാന്‍ പാടില്ലല്ലോ

    ReplyDelete
  28. This comment has been removed by a blog administrator.

    ReplyDelete
  29. ബൈബിളിലെ നോഹയുടെ കഥയും സാത്താന്റെ കഥ പോലെ മുങ്ങിത്താണുപോകുന്ന ഒരു കഥ തന്നെ.

    ReplyDelete
  30. ഈ വേഡ് വെരിഫിക്കേഷൻ വേണോ കാട്ടിപ്പരുത്തീ..

    ReplyDelete
  31. നമ്മള്‍ നമ്മുടെ കുടുംബം നന്നായി നോക്കി നടത്തണോ അതോ അയല്‍ക്കാരന്റേത് നല്ല കുടുംബമേയല്ല എന്നു സ്ഥാപിക്കണോ?
    ബൈബിളിനെ വരിതിരിച്ച് കീറി മുറിച്ച് വിമര്‍ശിച്ച് താങ്കള്‍ എന്താണ് നേടുന്നത്? ആത്മസംതൃപ്തിയോ? എന്തെങ്കിലും സാമൂഹിക നേട്ടങ്ങളോ? ബൈബിളും ഖുറാനും ഗീതയുമൊക്കെ കീറിമുറിച്ച് പരിശോധിച്ച് എന്താണ് നേടുന്നത്? തന്റെ ജനതയെ വഴി നടത്താന്‍ ഓരോ മതസ്ഥരും ഗ്രന്ഥങ്ങളുണ്ടാക്കി. അതില്‍ മനുഷ്യചിന്തയുടേതായ ഇടുങ്ങിയ മനസ്ഥിതിയും മുത്തശ്ശിക്കഥകള്‍ പോലെ അവിശ്വസനീയമായ സംഭവങ്ങളും ഉണ്ടാകും. അല്ലാതെ ദൈവം എഴുതി പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥവും ഉണ്ടാകില്ല. വിശ്വസിക്കുന്നവന്‍ വിശ്വസിക്കട്ടെ. വിശ്വസിച്ചാലും അവിശ്വസിച്ചാലും ഈ ലോകത്ത് ജീവിയ്ക്കാം. പക്ഷെ മതത്തിന്റെ പേരില്‍ പരസ്പരം അവഹേളിക്കുന്ന നിലപാട്, അതാരെടുത്താലും, വളരെ മോശമാണെന്ന് പറയട്ടെ.

    ReplyDelete
  32. ശിവ-

    ഒരു പൊതു സമൂഹത്തില്‍ ആശയങ്ങള്‍ മാറ്റുരക്കുന്നത് സ്വാഭാവികമാണു. അതാണു ഞാന്‍ ചെയ്യുന്നതും. ബൈബിള്‍ ക്രിസ്ത്യാനിക്കു മാത്രമേ വായിക്കാവൂ, ഖുര്‍‌ആന്‍ മുസ്ലിങ്ങളേ തൊടാവൂ, ഹിന്ദു മതത്തെ കുറിച്ച് മിണ്ടിപ്പോകരുത് - ഇനി അഥവാ എന്തെങ്കിലും പറയുകയാണെങ്കില്‍ നല്ലതല്ലാത്തതൊന്നും പറയാനേ പാടില്ല എന്നൊന്നും എനിക്കഭിപ്രായമില്ല, എന്റെ ഈ അഭിപ്രായത്തോട് വരെ വിയോജിക്കാനുള്ള ശിവയുടെ അഭിപ്രായത്തെ ആ വ്യത്യാസം നില നിര്‍‌ത്തി തന്നെ മാനിക്കാനും ഞാന്‍ തയ്യാറാണു.

    കൂടാതെ മതവിശ്വാസമെന്നത് ഒരു സ്വകാര്യ പ്രശ്നമൊന്നുമല്ല. സാമൂഹിക പ്രശ്നം തന്നെയാണ്. മതവും വേദ ഗ്രന്ഥങ്ങളുമൊന്നും വിമര്‍ശനാതീതമല്ല. ഖുര്‍‌ആന്‍ വിമര്‍ശനത്തെയും ഞാനീ കാഴ്ച്ചപ്പാടില്‍ തന്നെയാണു നോക്കിക്കാണുന്നത്.

    വിമര്‍‌ശനങ്ങള്‍ക്ക് മറുപടിയുള്ള ഗ്രന്ഥങ്ങള്‍ അതിജീവിക്കട്ടെ. അല്ലാത്തവ കേവല വിശ്വാസങ്ങളായി നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തെയും ഞാന്‍ മാനിക്കുന്നു.

    ReplyDelete
  33. ബൈബിളിന് ആമുഖമെഴുതിയത് ദൈവമല്ലല്ലോ? മനുഷ്യനെന്നല്ലെ വിശ്വാസം.

    ബൈബിളിന്റെ ആമുഖം മാത്രമല്ല ബൈബിള്‍ മുഴുവനായും മനുഷ്യരാണ് എഴുതിയത്.

    ബൈബിളിന്റെ ആദ്യ ഭാഗങ്ങള്‍ ഞാന്‍ ചരിത്രത്തിന്റെ സാക്ഷ്യത്തില്‍ പരിശോധിച്ചിട്ടേ ഇല്ല. പക്ഷെ മനുഷ്യ ബുദ്ധിയുടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ പരിശോധിക്കാമല്ലോ അല്ലെ?

    തീര്‍ച്ചയായും താങ്കള്‍ക്കു പരിശോധിക്കാം, പക്ഷെ, താങ്കള്‍ക്കു മറ്റൊരു മതവിശ്വാസ്സിയുടെ വേദപുസ്തകത്തെ മനുഷ്യ ബുദ്ധിയുടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതുപോലെ സ്വന്തം മതത്തിന്റെ വേദപുസ്തകത്തെയും പരിശോധിക്കാന്‍ സാധിക്കും എങ്കില്‍ മാത്രം. അല്ലെങ്കില്‍ ഈ പരിശോധന കേവലം മതവിരോധത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആകും.

    ഒരു തെളിവും ഞാന്‍ അന്യേഷിച്ചില്ല, പക്ഷെ ഇത് രക്ഷാ പദ്ധതിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ദൈവ വചനത്തിനെങ്കിലും ഒരു രക്ഷ വേണ്ടേ?

    ഇങ്ങനെ ചോദിക്കണമെങ്കില്‍ ബൈബിളില്‍ ദൈവവചനം ഏതാണ് അല്ലാത്തത് ഏതാണ് എന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത് .

    പഴയ നിയമത്തിന്റെ തുടര്‍ച്ചയായിട്ടല്ലേ ക്രൈസ്തവര്‍ പുതിയ നിയമത്തെ കാണുന്നത്. അടിസ്ഥാനം തന്നെ പിഴച്ചതഅണെങ്കില്‍ തുടര്‍ച്ച എങ്ങിനെ ശരിയാകും.

    അടിസ്ഥാനം പിഴച്ചതാണ് എന്ന് താങ്കള്‍ക്കു തോന്നിയാല്‍ പോരല്ലോ? അതില്‍ വിശ്വസ്സിക്കുന്നവര്‍ക്കുകൂടി തോന്നണ്ടേ?

    സന്തോഷെന്താണു പറഞ്ഞു വരുന്നത് ക്രിസ്തുവിനു മുമ്പുള്ള പ്രവാചകരടക്കമുള്ളവര്‍ ക്രൈസ്തവരല്ലന്നോ? അപ്പോള്‍ ക്രിസ്തു ദൈവമല്ലെന്നു സമ്മതിക്കുകയല്ലെ ചെയ്യുന്നത്?

    ക്രിസ്തുവിനു മുന്‍പ് ക്രൈസ്തവര്‍ ഇല്ല. (ക്രിസ്തീയ വിശ്വാസം അനുസ്സരിച്ച്) ക്രൈസ്തവനായ ഒരു പ്രവാചകന്‍ പോലും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല. കാരണം ക്രിസ്തുവിനു ശേഷം പ്രവാചകന്മാര്‍ ഇല്ല. ക്രിസ്തുവിനു മുന്‍പ് ക്രിസ്ത്യാനികള്‍ ഇല്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ക്കു മനസ്സിലാവുക ക്രിസ്തു ദൈവം അല്ലഎന്നാണോ?

    ReplyDelete
  34. ഈ നേരത്തിന് ഒന്നെങ്കില്‍ സ്വന്തം മതം നന്നായി പഠിക്കുക, രണ്ടു കൂട്ടരും. അല്ലെങ്കില്‍ പോയി പത്തു വാഴ വെക്കുക, പ്രയോജനം ഉണ്ടാവും

    ReplyDelete
  35. yatharthathil dhaiveeka granthangal vayikkunnavar manassilakenda valare pradhanamaya oru karyam ithu ellavarkum manassilavilla enna sathyamanu. ennal ithu manassilakkan valare eluppavumanh. dhaiveeka granthangal bakthenmarku mathreme manassilakukayulluvennu granthangal thanne parayunnu. araanu bakthan? sathya santhanayi jeevikkunna alanu bakthan. jeevithathil ethrakandu sathya santhadayundo athra kandu grantham manassilakum. GOD BLESS YOU.

    ReplyDelete
  36. @ സന്തോഷ്‌

    ബൈബിളിന്റെ ആമുഖം മാത്രമല്ല ബൈബിള്‍ മുഴുവനായും മനുഷ്യരാണ് എഴുതിയത്.

    അപ്പോള്‍ ബൈബിള്‍ ദൈവപ്രചോദിതമല്ല എന്നാണോ സന്തോഷെ-

    ഇങ്ങനെ ചോദിക്കണമെങ്കില്‍ ബൈബിളില്‍ ദൈവവചനം ഏതാണ് അല്ലാത്തത് ഏതാണ് എന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത് .


    ശരി - അങ്ങിനെ ഫില്‍റ്റര്‍ ചെയ്ത ഒരു ബൈബിള്‍ ഇറക്കൂ- എന്നാല്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാമല്ലോ- അപ്പോള്‍ നിലവിലുള്ള ബൈബില്‍ പൂര്‍ണ്ണമായും ദൈവ പ്രചോദിതമല്ലെന്നര്‍ത്ഥം.

    കൃസ്തുവിനെ ദൈവമായി കാണുന്നു ക്രൈസ്തവര്‍. അപ്പോള്‍ യേശുവിനു മുമ്പ് ദൈവം ഇല്ല എന്നാകുകയില്ലെ സന്തോഷെ

    ReplyDelete
  37. കാട്ടിപരുത്തി,

    ചുമ്മാതൊന്നു തിരിച്ചു ചോദിച്ചു നോക്കിയാല്‍ ഉത്തരം എളുപ്പം കിട്ടും.

    ചോദ്യം ഇങ്ങിനെ... ഖുര്‍ ആന്‍ ആരെഴുതി. മനുഷ്യരോ ദൈവമോ? ദൈവമാണെങ്കില്‍ ആ ഹാന്‍ഡ് റൈറ്റിങ് ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇനി മനുഷ്യരാണ്‌ എഴുതിയതെങ്കില്‍ ..എന്റമോ?!!!

    ReplyDelete
  38. >>"ഈ പ്രസ്ഥാവന തന്നെ തെറ്റ്. എല്ലാ കാട്ടു ജന്തുക്കളേക്കാളും കൗശലമേറിയതാണോ പാമ്പ്?
    ഇനി ഇത് സാത്താനാണെങ്കില്‍ സാത്താന്‍ കാട്ടു ജന്തുക്കളില്‍ പെട്ടവനാണെന്ന് വരില്ലെ?"

    എല്ലാ മനുഷ്യരേക്കാളും നാന്നായി ചാടാൻ കങ്ങാരുവിനു കഴിയും എന്ന് പറഞ്ഞാൽ കങ്ങാരു മനുഷ്യനാണെന്നു വരില്ലേ? വരുമോ?

    >>"ഇതിനെ ഒരു സാത്താന്‍ പ്രലോഭനമായേ എനിക്കു മനസ്സിലാക്കാന്‍ കഴിയൂ, പക്ഷെ സാത്താനെ കാട്ടു മൃഗങ്ങളില്‍ ഉള്‍പ്പെടുത്തിയതും പാമ്പിനെ കൗശലക്കാരനാക്കിയതും ബൈബിളാകാനേ സാധ്യതയുള്ളൂ, ദൈവമാകില്ല. "

    ഇത് രണ്ടും ചെയ്തത് ബൈബിളല്ല!! സ്വയം ചെയ്തിട്ട് അന്യനെ ചൂണ്ടുന്നു! അഭിനവ ആദമോ ഹവ്വയോ? the serpent എന്ന് ഇംഗ്ലീഷുകാർ പറയും. മറ്റു പാമ്പുകൾക്ക് ബാധകം ആവണമെങ്കിൽ ബഹുവചനം ഉണ്ടാകില്ലേ മലയാളത്തിൽ?

    >>"പക്ഷെ സാത്താന്‍ വേഷം മാറി വന്നതെന്ന് ദൈവത്തിനു മനസ്സിലായില്ല"
    ഇയാളുടെ കുട്ടി ഒരു തെറ്റ് ചെയ്‌താൽ അവനു പറയാനുള്ളത് കേള്ക്കുമോ? അതോ ശിക്ഷ വിധിക്കുമോ?
    പചാത്തപത്ത്തിന്റെ ഒരു വാക്ക് കേൾക്കാൻ ദൈവം കാത്തു നിന്നതാണ്. അവിടെയും പരസ്പരമുള്ള കുറ്റാരോപണങ്ങൾ മാത്രം.
    >>"ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും
    പാമ്പ് സാത്താനാണെങ്കില്‍ മുകളിലെ വചനപ്രകാരം സാത്താന്റെ തല, സ്ത്രീയുടെ തലമുറകള്‍ തകര്‍ക്കുന്നുവോ? അതോ പാവം സാദാ പാമ്പിന്റെയോ?"

    നിനക്കും സ്ത്രീക്കും ---- ഏക വചനമാണ് കുട്ടീ - സ്ത്രീകള്ക്ക് എതിരല്ല. ഒരേ ഒരു സ്ത്രീ ആണ് അത്.
    പരിശുദ്ധ അമ്മയെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അവളാണ് സ്ത്രീ- രണ്ടാം ഹൌവ്വ. കത്ത്തോലിക്കാ വിശ്വാസം അനുസരിച്ച് ഉത്ഭവ പാപത്തിൽ നിന്നും മുന്കൂട്ടി പുത്രനായ ദൈവത്താൽ മോചിതയായി ജനിച്ച ഏക സ്ത്രീ.

    തന്റെ അനുസരണയാൽ - കന്യകാ ജനനം മുതൽ തന്റെ മകന്റെ ദാരുണ ബലിയർപ്പണം വരെ - അവൾ പരിപൂര്നമായി അനുസരിച്ച് ഹവ്വയുടെ അനുസരണ കേടിന്റെ പരിഹാരം ചെയ്തു സാത്താന്റെ അഹങ്കാരമാകുന്ന തല തകർത്തു

    കാട്ടിപരുത്തി വായിക്കുമ്പോൾ ആവേശം മൂത്തിട്ടാണോ എന്നറിയില്ല ചില കാര്യങ്ങൾ വിട്ടു പോകുന്നു."നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും." എന്ന് വായിച്ചിട്ട് അത് വരെ പാമ്പിനു കാലുണ്ടയിരുന്നോ? ഇപ്പോഴും പാമ്പ് പൊടി തിന്നുന്നുണ്ടോ ? എന്നിങ്ങനെ ഉള്ള സംശയങ്ങൾ ഉണ്ടാകുന്നില്ല!! ഒരു പക്ഷെ അവക്കുള്ള മറുപടി അറിയാവുന്നത് കൊണ്ടാവും അല്ലെ?

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.