Saturday, April 17, 2010

ഖുര്‍‌ആനിലെ നൂഹ്(അ)


ഖുര്‍‌ആനിലെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ നൂഹ്(അ)മിന്റെ ചരിത്രമെന്ത്?

ആദമിന് ശേഷം ഖുര്‍‌ആന്‍ പരിജയപ്പെടുത്തുന്ന പ്രവാചകനാണ് നൂഹ്(അ). നൂഹിന്റെ കാലമായപ്പോഴേക്ക് ആ ജനത വിഗ്രാഹാരാധന ആരംഭിച്ചിരുന്നു.

ആദമിന്റെ ചില തലമുറകള്‍ക്കു ശേഷമുള്ള ഒരു ജനതയിലെ നല്ല ചില ആളുകളില്‍ പെട്ട ചില നല്ല മനുഷ്യരായിരുന്നു വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ്‌ എന്നിവര്‍.

അവര്‍ തങ്ങളുടെ സമൂഹത്തിലെ മാതൃകാപുരുഷരും ജനങ്ങളുടെ സ്നേഹപാത്രങ്ങളും നേതാക്കന്മാരുമായിരുന്നു. അവര്‍ മരിച്ചപ്പോള്‍ ആ സമൂഹം വളരെ ദുഖിതരായി. അപ്പോള്‍ പിശാച് അവരിലേക്ക് വന്നു, എന്നിട്ട് പറഞ്ഞു, അവരുടെ ഒരു രൂപം ഉണ്ടാക്കുകയാണെങ്കില്‍ നമുക്ക് അവരെ ഓര്‍മിക്കുവാന്‍ കഴിയും, അത് നമുക്ക് നമ്മുടെ സമ്മേളന സ്ഥലങ്ങളില്‍ അവരുടെ ഓര്‍മക്കായി വക്കുകയും ചെയ്യാം. ജനങ്ങള്‍ ഇത് നല്ലൊരു മാര്‍ഗ്ഗമായി കണ്ടു. അവര്‍ അവരുടെ പ്രതിമകള്‍ ഉണ്ടാക്കി അവരുടെ പൊതു സ്ഥലങ്ങളില്‍ ഓര്‍മക്കായി വച്ചു.

അവരുടെ കാലശേഷം അവരുടെ അടുത്ത തലമുറ വന്നു. അവര്‍‌ക്കുമറിയാമായിരുന്നു ആ പ്രതിമകള്‍ അവരുടെ പിതാക്കരുടെ കാലത്തെ മഹാന്മാരായിരുന്നുവെന്നത്, അപ്പോള്‍ പിശാച് വീണ്ടും ദുര്‍‌ബോധനം നല്‍കി, ഇവരുടെ പ്രതിമകളെ നിങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി വക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് അവരെ കൂടുതല്‍ ഓര്‍മിക്കാന്‍ കഴിയും. ആ തലമുറക്ക് അതൊരു നല്ല കാര്യമായി തോന്നി.

ആ തലമുറയുടെയും കാലശേഷം പുതിയ തലമുറയിലേക്ക് പിശാച് ഈ പ്രതിമകള്‍ നിങ്ങളുടെ പൂര്‍‌വ്വ പിതാക്കള്‍ ആരാധിച്ചിരുന്നവയായിരുന്നുവെന്നു മന്ത്രണം നടത്തി. അങ്ങിനെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ആരാധന ദൈവത്തിന്നു പകരം പ്രതിമകളിലേക്ക് സമര്‍പ്പിച്ചു.

പ്രതിമകള്‍ കൂടി കൂടി വന്നു. ആ സമൂഹത്തിലേക്കാണു നൂഹിനെ(അ) നിയോഗിക്കുന്നത്.

നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക്‌ ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു ( വന്നുഭവിക്കുമെന്ന്‌ ) ഞാന്‍ ഭയപ്പെടുന്നു.

അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന്‌ ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട്‌ ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ്‌ കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന്‌ ഞാന്‍ അറിയുന്നുമുണ്ട്‌. നിങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന്‌ വേണ്ടിയും, നിങ്ങള്‍ക്ക്‌ കാരുണ്യം നല്‍കപ്പെടുന്നതിന്‌ വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക്‌ വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. (അ‌അറാഫ്)

തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയച്ചു. നിന്‍റെ ജനതയ്ക്ക്‌ വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക എന്ന്‌ നിര്‍ദേശിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത്‌ പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌.

തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത്‌ നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട്‌ എന്‍റെ വിളി അവരുടെ ഓടിപ്പോക്ക്‌ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. തീര്‍ച്ചയായും, നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ്‌ ചെയ്തത്‌.

പിന്നീട്‌ അവരെ ഞാന്‍ ഉറക്കെ വിളിച്ചു. പിന്നീട്‌ ഞാന്‍ അവരോട്‌ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി. അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും.
സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.? നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന്‌ ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌. അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി. (ഖുര്‍-71:1-20)

നൂഹിനെ( അ) തന്റെ ജനതയിലെ ഒരു ചെറിയ വിഭാഗം, അവരാകട്ടെ സമൂഹത്തിലെ ഏറ്റവും ദുര്‍‌ബലരുമായിരുന്നു, പിന്‍പറ്റിയുള്ളൂ. അവരെയാകട്ടെ ആ പ്രമാണികള്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു: ) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ സ്പഷ്ടമായ താക്കീത്‌ നല്‍കുന്നവനാകുന്നു.
എന്തെന്നാല്‍ അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന്‌ അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട്‌ മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ ( ശരിയായി ചിന്തിക്കാതെ ) നിന്നെ പിന്തുടര്‍ന്നതായിട്ട്‌ മാത്രമാണ്‌ ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന്‌ ഞങ്ങള്‍ കരുതുന്നു.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക്‌ തന്നിരിക്കുകയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ (അത്‌ കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത്‌ ചെയ്യും?) നിങ്ങള്‍ അത്‌ ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന്‌ നിര്‍ബന്ധം ചെലുത്തുകയോ ?
എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത്‌ മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത്‌ വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌.

എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച്‌ നോക്കുന്നില്ലേ?
അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക്‌ അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ്‌ അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ ( അവരെ ദുഷിച്ച്‌ പറയുന്ന പക്ഷം ) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.
അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട്‌ തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്ക്‌ നീ ഇങ്ങു കൊണ്ട്‌ വരൂ.
അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ്‌ നിങ്ങള്‍ക്കത്‌ കൊണ്ട്‌ വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക്‌ ( അവനെ ) തോല്‍പിച്ച്‌ കളയാനാവില്ല.
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അവനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ്‌ നിങ്ങള്‍ മടക്കപ്പെടുന്നത്‌.

അതല്ല, അദ്ദേഹമത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: ഞാനത്‌ കെട്ടിച്ചമച്ചുവെങ്കില്‍ ഞാന്‍ കുറ്റം ചെയ്യുന്നതിന്‍റെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ കാര്യത്തില്‍ ഞാന്‍ നിരപരാധിയുമാണ്‌.

നിന്‍റെ ജനതയില്‍ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത്‌ എന്ന്‌ നൂഹിന്‌ സന്ദേശം നല്‍കപ്പെട്ടു.(11: 25-36)

നൂറ്റാണ്ടുകള്‍ നീണ്ട പ്രബോധനം വിരലിലെണ്ണാവുന്നവരെയേ അദ്ദേഹത്തിന് ദൈവമാര്‍ഗത്തിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞുള്ളൂ. മാത്രമല്ല പ്രമാണിവര്‍ഗ്ഗം അദ്ദേഹത്തെ ഉപദ്രവിക്കാനും തുടങ്ങി. അപ്പോള്‍ ഈ സമൂഹത്തെ ദൈവകോപം പിടികൂടുമെന്ന വാര്‍ത്ത അല്ലാഹു അദ്ദേഹത്തെ അറിയിച്ചു. എന്നിട്ട് അല്ലാഹു അദ്ദേഹത്തോട് ഒരു കപ്പലുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട്‌ സംസാരിക്കരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്‌. അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത്‌ കൂടി കടന്ന്‌ പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത്‌ പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌. അപമാനകരമായ ശിക്ഷ ആര്‍ക്കാണ്‌ വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ്‌ വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക്‌ വഴിയെ അറിയാം.(11: 37-39)

ശിക്ഷയുടെ ദിവസം വന്നെത്തി - നൂഹിന്റെ മകന്‍ വിശ്വാസി ആയിരുന്നില്ല. ഒരടുപ്പില്‍ നിന്നും ഉറവയുടെ രൂപത്തിലായിരുന്നു അത് പ്രത്യക്ഷപ്പെട്ടത്.

അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ്‌ ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു:

എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട്‌ ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. ( അവരുടെ കൂട്ടത്തില്‍ നിന്ന്‌ ) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ.
വിശ്വസിച്ചവരെയും ( കയറ്റികൊള്ളുക. ) അദ്ദേഹത്തോടൊപ്പം കുറച്ച്‌ പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ( അവരോട്‌ ) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്‍റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്‍റെ പേരിലാകുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ ( കപ്പല്‍ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌.

നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌ അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന്‌ എനിക്ക്‌ രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന്‌ ഇന്ന്‌ രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. ( അപ്പോഴേക്കും ) അവര്‍ രണ്ട്‌ പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.(11:40-43)

എല്ലാ ജനങ്ങളും മുങ്ങി മരിച്ചപ്പോള്‍ അല്ലാഹുവിന്റെ കല്പന വന്നു.

ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന്‌ കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ്‌ നിറവേറ്റപ്പെടുകയും ചെയ്തു. അത്‌ ( കപ്പല്‍ ) ജൂദി പര്‍വ്വതത്തിന്‌ മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്തു.(11:44)

മകനോ, പിതാവോ ആരായികൊള്ളട്ടെ, വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹുവില്‍ നിന്നു ഒരേ നീതി ലഭിച്ചു. ആ സമൂഹത്തെയെല്ലാം ആ മഹാപ്രളയത്തില്‍ മുക്കി നശിപ്പിച്ചു. തന്റെ മകനു വേണ്ടി സങ്കടപ്പെട്ട നോഹയോട് അല്ലാഹു പറഞ്ഞു.

നൂഹ്‌ തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച്‌ ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌

അവന്‍ ( അല്ലാഹു ) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാല്‍ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന്‌ ഞാന്‍ നിന്നോട്‌ ഉപദേശിക്കുകയാണ്‌. അദ്ദേഹം ( നൂഹ്‌ ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.

(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക്‌ നാം സൌഖ്യം നല്‍കുന്നതാണ്‌. പിന്നീട്‌ നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക്‌ ബാധിക്കുന്നതാണ്‌. (11:45-48)

ഇതാണ് നൂഹ്(അ) മിന്റെ ചരിത്രം.

ഇവ തമ്മിലുള്ള സാമ്യമെന്ത്? വ്യത്യാസങ്ങളെന്ത്?

2 comments:

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.