Wednesday, April 28, 2010

യിശ്മായേല്‍ അഥവാ ഇസ്മാഈല്‍(അ) ന്റെ ജനനം.

ബൈബിളില്‍ അബ്രഹാമിന്റെ മക്കള്‍ യിശ്മായേലിന്റെയും യിസ്ഹാക്കിന്റെയും ചരിത്രം പറയുന്നു.
1. അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല്‍ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2. സാറായി അബ്രാമിനോടുഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
4. അവന്‍ ഹാഗാരിന്റെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
5. അപ്പോള്‍ സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6. അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.

7. പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു. 8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.9. യഹോവയുടെ ദൂതന്‍ അവളോടുനിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.10. യഹോവയുടെ ദൂതന്‍ പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.11. നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ടു അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം;12. അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കുംഅവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു.
13. എന്നാറെ അവള്‍എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവേക്കുദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു. 14. അതുകൊണ്ടു ആ കിണറ്റിന്നു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു. 15. പിന്നെ ഹാഗാര്‍ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചുഹാഗാര്‍ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.16. ഹാഗാര്‍ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു. (ഉത്: 16)

9. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകന്‍ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു 10. ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. 11. തന്റെ മകന്‍ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി. 12. എന്നാല്‍ ദൈവം അബ്രാഹാമിനോടു ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കി ല്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
13. ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു. 14. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളില്‍വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയില്‍ ഉഴന്നു നടന്നു. 15. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു. 16. അവള്‍ പോയി അതിന്നെതിരെ ഒരു അമ്പിന്‍ പാടു ദൂരത്തു ഇരുന്നുകുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. 17. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടുഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു. 18. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 19. ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയില്‍ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു. (ഉത്: 16)

മുസ്ലിം ചരിത്രത്തിലൂടെ-
തനിക്കു പ്രസവിക്കാനാവില്ലെന്നു മനസ്സിലാക്കിയ സാറ തനിക്ക് ഈജിപ്തില്‍ നിന്നും ലഭിച്ച അടിമയെ സ്വതന്ത്രയാക്കി ഇബ്രാഹീമിനു ഭാര്യായായി നല്‍കി. ഹാജറ ഇബ്രാഹീമില്‍ നിന്നു ഗര്‍ഭം ധരിച്ചു. അവര്‍ ഇസ്മാഈലിനു ജന്മം നല്‍കി. സാറയും ഹാജറും തമ്മില്‍ വീട്ടില്‍ ചെറിയ പിണക്കങ്ങളുണ്ടായി. ഒരു ദിവസം ഇബ്രാഹീം നബി ഹാജറിനോട് കുട്ടിയെയും കൂട്ടി കൂടെ വരുവാന്‍ ആവശ്യപ്പെട്ടു. അവള്‍ കൈകുഞ്ഞിനെയുമെടുത്ത് കൂടെ പുറപ്പെട്ടു. അവര്‍ മക്കയിലെത്തി. മക്കയില്‍ വിജനമായ മരുഭൂമിയില്‍ ഒരു മരത്തിനു താഴെ ഹാജറയെയും കുഞ്ഞിനെയും ഇരുത്തി. തിരിച്ചു പുറപ്പെടുന്ന ഇബ്രാഹീമിനോട് ഹാജറ ചോദിച്ചു. ഈ മരുഭൂമിയില്‍ ഞങ്ങളെ തനിച്ചാക്കി പോകുകയാണോ? ഇബ്രാഹീം മറൂപടി ഒന്നും പറഞ്ഞില്ല, മൂന്നാം തവണ ഹാജറ ചോദിച്ചു, നിങ്ങളീ ചെയ്യുന്നത് അല്ലാഹുവിന്റെ കല്പന പ്രകാരമാണോ? അതെ- ഇബ്രാഹീം നബി പറഞ്ഞു. എങ്കില്‍ അല്ലാഹു ഞങ്ങളെ കാത്തുകൊള്ളൂം. ഹാജറ പറഞ്ഞു. കാരണം ഹാജറക്ക് അറിയാമായിരുന്നു തീകുണ്ഡത്തില്‍ നിന്നും ഇബ്രാഹീമിനെ രക്ഷിക്കുകയും രാജാവില്‍ നിന്നും സാറയെ രക്ഷിക്കുകയും ചെയ്ത അല്ലാഹു തന്നെയും കൈവെടിയില്ല എന്ന്.

ഇബ്രാഹീം നബി ക‌അബയുടെ നേരെ പോയി- അന്നതൊരു ഉയര്‍ന്ന പ്രദേശം മാത്രമായിരുന്നു. ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചു.

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന്‌ വരാം.(ഖു: 14-37)

ഹാജറിന്റെ കയ്യില്‍ ഒരു തോല്‍ സഞ്ചിയില്‍ അല്പം വെള്ളവും കുറച്ച് ഈത്തപ്പഴവുമേ ഉണ്ടായിരുന്നുള്ളൂ. കയ്യിലെ വെള്ളം തീര്‍ന്നപ്പോള്‍ ഹാജറ വ്യാകുലപ്പെട്ടു. ഹാജറ കുട്ടിയെ കിടത്തിയിരുന്നത് സഫ മര്‍‌വ എന്നീ രണ്ടു കുന്നുകള്‍ക്കിടയിലെ ഒരു താഴ്വരയിലായിരുന്നു. കുന്നുകള്‍ക്കപ്പുറം വല്ല യാത്രക്കാരോ അല്ലെങ്കില്‍ അടുത്തെവിടെയെങ്കിലും വെള്ളത്തിന്നടയാളമോ കാണുമോ എന്നറിയാന്‍ അവര്‍ ഏഴു പ്രാവശ്യം ഓടിനോക്കി. ഒരു സാധ്യതയുമില്ല എന്നു മനസ്സിലായതിനാല്‍ തളര്‍ന്നു നിലത്തിരുന്നു. അപ്പോള്‍ ശാന്തമാകുക എന്ന ഒരു ശബ്ദം കേട്ടു. ഹാജറ ചോദിച്ചു നിങ്ങളാരാണു. നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും അവിടെ ഒരു ജലാശയം രൂപപ്പെടുന്നത് കാണുകയും ചെയ്തു. അതൊഴുകുകയായിരുന്നു. അവര്‍ അതിനെ തടഞ്ഞു നിറുത്തി അതൊരു ജലാശയമായി രൂപപ്പെടുത്തി. അതാണിന്നും സം‌സം എന്ന ജലാശയം.
മാലാഖ ഹാജറയോട് പറഞ്ഞു. ഭയപ്പെടാതിരിക്കുക,ഇവിടെ അല്ലാഹുവിന്റെ ഭവനമുണ്ട്. ഈ കുഞ്ഞും അവന്റെ പിതാവും കൂടി ആ ഭവനം നിര്‍മിക്കും.

ജുര്‍ഹും ഗോത്രത്തിലെ ഒരു യാത്രാസംഘം ആ വഴി യാത്ര പോകുകയായിരുന്നു. അവര്‍ കിളികള്‍ പറക്കുന്നത് കണ്ടു. ആ ഭാഗത്ത് ഒരു ജല സാന്നിദ്ധ്യമില്ല എന്നതവര്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ രണ്ടു പേരെ അവിടെക്ക് വിട്ടു. അവര്‍ സംഘത്തെ വിവരമറിയിച്ചു. മരുഭൂമിയിലെ കിട്ടാകനിയാണു ജലം , അതിനാല്‍ അവര്‍ ഹാജറിനോട് അവിടെ താമസിക്കാന്‍ സമ്മതം ചോദിച്ചു. വെള്ളത്തിന്റെ അവകാശം തനിക്കാണെന്ന സമ്മതത്തില്‍ അവര്‍ അതംഗീകരിച്ചു.

ഇസ്‌മാഈലിനു ബാല്യം പിന്നിട്ടപ്പോള്‍ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു, അതില്‍ തന്റെ ഏക മകനെ ദൈവത്തിനായി ബലി നല്‍കണമെന്ന നിര്‍ദ്ദേശമായിരുന്നു. പ്രവാചകര്‍ക്ക് ദിവ്യ സന്ദേശം നല്‍കുന്ന ഒരു മാര്‍ഗ്ഗമാണു സ്വപ്നം. അതിനാല്‍ അദ്ദേഹം തന്റെ മകന്റെയരികില്‍ വന്നു സ്വപ്നത്തെ കുറിച്ച വിവരമറിയിച്ചു.

എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ.
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
(ഖുര്‍:37:100-102)

ബൈബിള്‍ ഇശ്മയേലിനെ വിശേഷിപ്പിക്കുന്നത് അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം; അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കുംഅവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു. എന്നാണെങ്കില്‍ ഖുര്‍‌ആന്‍ വിശേഷിപ്പിക്കുന്നത് സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.എന്നാണ്.

ഇസ്മാഈല്‍ തന്റെ ഏറ്റവും വലിയ സഹനശീലം കാണിക്കുന്നത് തന്റെ പിതാവില്‍ നിന്നും തന്നെ ബലി നല്‍കാന്‍ ദൈവത്തിന്റെ കല്പനയുണ്ട് എന്ന അറിയിക്കുമ്പോളാണ്. ഇസ്മാഈല്‍ പിതാവിനോട് പ്രതികരിച്ചു.

എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

ഇബ്രാഹീം നബി ഇസ്മാഈലിനെ ബലി നല്‍കാന്‍ പുറപ്പെട്ടു. ബലിക്കു മുമ്പായി മാലാഖ പ്രത്യക്ഷപ്പെടുകയും ഇബ്രാഹീമിനെയും ഇസ്മായിലിനേയും അനുഗ്രഹിക്കുകയും മകനു പക്രം ഒരു ആടിനെ ബലി നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌. തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.

ഇസ്മാഈലിനു പകരം ഒരു ബലിമൃഗത്തെ നല്‍കി തന്റെ ത്യാഗസന്നതക്ക് പകരമായി
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
ഇബ്രാഹീമിന്‌ സമാധാനം!
അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.(ഖുര്‍:37:103-111)

ദൈവ കല്പന പ്രകാരം ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്ന് മക്കയില്‍ ക‌അബ നിര്‍മിച്ചു. ശേഷം ഖുര്‍ആന്‍ വിശദീകരിക്കുന്നു.

ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെരക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്‍റെ സന്തതികളില്‍പ്പെട്ടവരെയും ( നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്‍റെഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌ ബാധകമായിരിക്കുകയില്ല
ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്‍റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
എന്‍റെരക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന്‌ ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക ) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും ( ഞാന്‍ ആഹാരം നല്‍കുന്നതാണ്‌. ) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ്‌ അവന്ന്‌ ഞാന്‍ നല്‍കുക. പിന്നീട്‌ നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. ( അവന്ന്‌ ) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്‍റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക്‌ കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന്‌ നിനക്ക്‌ കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു(ഖുര്‍:2:124-128)

ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കുകയും മുഹമ്മദ് നബിയിലൂടെ അല്ലാഹുവിനെ കീഴ്വണങ്ങുന്ന ഒരു ജനതയെ ഉണ്ടാക്കുകയും ചെയ്തു.

No comments:

Post a Comment

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.