Tuesday, April 27, 2010

ഹാഗര്‍ അഥവാ ഹാജറ


അബ്രഹാമിന്റെ തുടര്‍ന്നുള്ള യാത്രയും വഴിയില്‍ അവര്‍ ഈജിപ്തില്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ഖുര്‍‌ആനും ബൈബിളും വിശദീകരിക്കുന്നു.

ബൈബിളിലെ വിശദീകരണം
1. യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. 5. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി. 6. അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.
7. യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു. 8. അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു. 9. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. 10. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.
11. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. 12. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 13. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. 14. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
15. ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു. 16. അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 17. അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 18. അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 19. അവള്‍ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. 20. ഫറവോന്‍ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു. (ഉത്പത്തി:12)

വഴിയില്‍ മിസ്രയീമില്‍ എന്ന പ്രദേശം മിസ്റ് എന്ന ഈജിപ്ത് ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഇസ്ലാമിക ചരിത്രവുമായും പല ഭാഗങ്ങളും ശരി വക്കുന്നു. പക്ഷെ പ്രവാചക വചനങ്ങളില്‍ നിന്നും ഇബ്രാഹീം നബി പോകുന്ന ഈ സ്ഥലം ശാം അഥവാ സിറിയ ആണ്. സ്വാഭാവികമായും നമ്രോദിന്റെ രാജഭരണത്തിനു കീഴില്‍ ഇബ്രാഹീം നബിക്ക് പ്രയാസങ്ങളുണ്ടാകുമെന്നും അതിനാല്‍ പാലായനം ചെയ്യാന്‍ കല്പന കിട്ടി എന്നുമാണു നമുക്ക് കരുതാവുന്നത്. മിക്കവാറും എല്ലാ പ്രവാചകരും ഈ പാലായനത്തിനു വിധേയരാണ് എന്നതാണു ചരിത്രം പഠിപ്പിക്കുന്നത്.
ഇബ്രാഹീം നബിയുടെ കൂടെ തന്റെ ഭാര്യയും ലൂത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോള്‍ ലൂത്ത് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ്‌ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.(ഖു:29:26-27)
ലോകര്‍ക്ക്‌ വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക്‌ അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട്‌ പോകുകയും ചെയ്തു.(ഖു:21:71)

ശ്യാമിലേക്ക് അവര്‍ക്കു പോകേണ്ടി വരുന്നത് മിസ്റ് വഴിയാണെന്നു പറഞ്ഞിരുന്നുവല്ലോ. അന്ന് അവിടെ ഭരിച്ചിരുന്ന രാജാവ് സുന്ദരിയായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തന്റെ നാട്ടില്‍ എത്തിയ വിവരമറിഞ്ഞു. അയാള്‍ ഇബ്രാഹീം നബിയെ വിളിപ്പിച്ചു കൂടെയുള്ളത് ആരെന്നു ചോദിച്ചു, ഭയപ്പെട്ട ഇബ്രാഹീം അത് തന്റെ സഹോദരിയാണെന്നു പറഞ്ഞു, വീട്ടില്‍ തിരിച്ചെത്തിയ ഇബ്രാഹീം തന്റെ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പോഴേക്കും രാജാവിന്റെ കിങ്കരന്മര്‍ അവിടെ എത്തിയിരുന്നു. അവര്‍ സാറയെ കൊണ്ടു പോയി.

സാറ അംഗശുദ്ധി വരുത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. രാജാവ് സാറായെ സ്പര്‍ശിക്കുവാന്‍ തുനിഞ്ഞതും ഒരു വലിയ കയര്‍ വന്നു തന്നെ ബന്ധിക്കുന്നതായി അനുഭവപ്പെട്ടു. ഭയപ്പെട്ട രാജാവ് തന്നെ രക്ഷിക്കണമെന്ന് സാറായോട് അഭ്യര്‍ത്ഥിച്ചു. ഇത് മൂന്നു തവണ ആവര്‍ത്തിച്ചു. രാജാവ് തന്റെ കിങ്കരന്മാരെ വിളിച്ചു ചോദിച്ചു, നിങ്ങള്‍ എനിക്കു വേണ്ടി കൊണ്ടു വന്നത് ഒരു സ്ത്രീയോ അതോ പിശാചോ? സാറ വളരെ വിശുദ്ധയാണെന്നു കണ്ട രാജാവ് അവര്‍ക്ക് തന്റെ കയ്യിലുള്ള ഏറ്റവും നല്ല ഒരടിമസ്ത്രീയെയും ധാരാളം സമ്പത്തും സമ്മാനമായി നല്‍കി. സാറ തിരിച്ച് ചെല്ലുമ്പോള്‍ പ്രാര്‍ത്ഥനാനിരതനായ ഇബ്രാഹീം (അ)നെയാണു കാണുന്നത്. അവര്‍ അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹു നിഷേധികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു.
ഖസസുല്‍ അമ്പിയയില്‍ കാണുന്നത് ഈ അടിമ സ്ത്രീ മൊറോക്കോ കീഴടക്കിയപ്പോള്‍ അവിടുത്തെ രാജാവിന്റെ മകളെ പിടിച്ചു കൊണ്ടു വന്നതാണെന്നും അവര്‍ക്ക് അവിടുത്തെ അടിമകളെ നിയന്ത്രിക്കുന്ന ജോലി ആയിരുന്നുവെന്നുമാകുന്നു.
ഇബ്രാഹീം നബിയും സാറയും ശ്യാമിലേക്കും ലൂത്ത് നബി സോദമിലേക്കും (ജോര്‍ദാന്‍) യാത്ര തിരിച്ചു.
സാറാക്ക് കിട്ടിയ ഹാജറെന്ന അടിമ പെണ്‍കൊടി പിന്നീട് ഒരു വലിയ ചരിത്രത്തിന്റെ തുടക്കകാരിയായി.

1. ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
6. അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല. 7. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.
8. അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
10. അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11. ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.
12. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13. സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
14. ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16. ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം. 17. നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും. 18. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു. (ഉത്പത്തി:13)

ബൈബിള്‍ പ്രകാരം തങ്ങളുടെ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണു അബ്രഹാമിനെയും ലൂത്തിനെയും അകറ്റുന്നത്. എന്നാല്‍ ഖുര്‍‌ആനാകട്ടെ ലൂത്തിന്റെ പ്രവാചക ദൗത്യം എന്ന നിലയിലാണ് അവരെ വേര്‍പ്പിരിക്കുന്നത്.

No comments:

Post a Comment

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.