Thursday, April 22, 2010

അബ്രഹാമിന്റെ പശ്ചാത്തലം

മാനവ ചരിത്രം എത്ര കാലങ്ങള്‍ക്കപ്പുറമാണു തുടങ്ങിയിട്ടുള്ളത്. നമുക്ക് ഇന്നേവരെ ഒരു പഠനവും വ്യക്തമായ വിശദീകരണം നല്‍കുന്നില്ല, പക്ഷെ ബാബിലോണിയയിലോ അല്ലെങ്കില്‍ ഈജിപ്തിലോ ആണു ആദ്യത്തെ പുരാതനസംസ്കാരമെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ഈ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകം ഞാന്‍ വായിക്കുന്നത് കേസരി ബാലകൃഷ്ണപിള്ളയുടെ ഇന്ത്യന്‍ മിത്തോളജിയെ കുറിച്ചുള്ള ഒരു പഠനത്തിലൂടെയാണ്. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലമാണു. അതില്‍ ഭാരതീയ മിത്തുകളിലെ പല കഥാപാത്രങ്ങളും ലോകത്തിലെ മറ്റു മിത്തുകളിലെ കഥാപാത്രങ്ങളുമായുള്ള സാമ്യവും അവ വന്ന വഴികളെയെല്ലാം പ്രതിപാതിക്കുന്നുണ്ട്. അതില്‍ അദ്ദേഹം ഈ മിത്തുകളുടെയെല്ലാം ഉത്ഭവം കൊടുത്തിരിക്കുന്നത് ഈജിപ്ത് അഥവാ നൈല്‍ നദീതട സംസ്കാരത്തെയാണു. ഓര്‍മയില്‍ അവ ഏറെ ഇല്ല, പക്ഷെ- ചില വായനാ താത്പര്യങ്ങള്‍ ഉണ്ടാക്കി തന്ന ആ വായന എനിക്ക് നല്ലൊരു വഴികാട്ടിയാണു.
ഇന്ന് വിവരങ്ങള്‍ വിരലില്‍ നിന്നും ഞെക്കിയെടുക്കുമ്പോള്‍ അവ ബൈബിളിന്റെയും ഖുര്‍‌ആനിന്റെയും ചരിത്ര വായനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ രസകരമായ അറിവുകളായി മാറുന്നു എന്ന് പറയാതെ വയ്യ. അത് വായനക്കാരന്റെ താത്പര്യം പോലെ രസകരവും അരസകരവുമായി മാറും.

ഇന്ന് ഉത്ഗ്രഥനം ചെയ്ത് കണ്ടെത്തിയതില്‍ ഏറ്റവും പഴയ മാനവ-സമൂഹമെന്നത് സഗ്രോസ് മലയടിവാരത്തെ (Zagros Mountains ) ആര്‍ക്കിയോളജിക്കല്‍ പ്രദേശങ്ങളിലാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇന്നത്തെ ഇറാന്‍-ഇറാക്ക് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലങ്ങളിലാണ്ഇവ നിലനില്‍ക്കുന്നത്. ആര്‍ക്കിയോളജി ശാസ്ത്രജ്ഞരുടെ ഖനിയായായാണ് ഇന്ന് ഈ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.
സാവി കെമി ഷാദിര്‍, കരീം ഷാഹിര്‍, ജര്‍മോ എന്നീ ആര്‍ക്കിഓളജിക്കല്‍ സ്ഥലങ്ങളില്‍ നിന്നു വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ജെര്‍മോയിലാണു ലോകത്തിലെ ആദ്യത്തെ കാര്‍ഷിക സമൂഹം എന്നു വിളിക്കപ്പെടുന്നത്, ഈ സമൂഹത്തിന് 7000 BC പഴക്കമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
മാത്രമല്ല ഇന്നേ വരെ കണ്ടെത്തിയ പഴയ മാനവ സമൂഹങ്ങളെല്ലാം തന്നെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണെന്നു കാണാം.
ഇത് മനുഷ്യോത്പത്തി തുടങ്ങുന്നത് ഈ പ്രദേശങ്ങളില്‍ നിന്നാണെന്ന വാദത്തിനു അടിത്തറ നല്‍കുന്നു.
ഇനി നരവംശ ശാസ്ത്രജ്ഞര്‍ നല്‍കുന്ന ഒരു കഥ മനുഷ്യന്‍ ആദ്യം പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി എന്നും പിന്നെ അത് ഏക ദൈവ വാദത്തിലേക്ക് എത്തി ചേര്‍ന്നു എന്നുമാണു. കഥ മെയ്യുന്നതില്‍ ചിലപ്പോള്‍ ശാസ്ത്രവാദികള്‍ മുത്തശ്ശിമാരെയും പിന്നിലാക്കാറുണ്ട്. എന്നാല്‍ നമ്മുടെ മുമ്പില്‍ തന്നെയുള്ള ചിത്രമെടുക്കുക.
ഭാരതീയ ദര്‍ശനങ്ങളിലെ ഏറ്റവും പഴക്കം ചെന്ന വേദങ്ങളിലാണു ഏകദൈവത്തെ കുറിച്ച് കൂടുതല്‍ പരാമര്‍ശമുള്ളത്. 1700–1100 BC യിലാണു ഋഗ്വേദം രചിക്കപ്പെട്ടത് എന്നാണു പൊതുവെ കരുതുന്നത്. എന്നാല്‍ ഭാരതീയ സമൂഹത്തിലെ ബഹുദൈവ വിശ്വാസങ്ങള്‍ ഉള്‍കൊള്ളുന്ന രാമായണം 750-500 BCE യില്‍ രചിച്ചു എന്നാണു പണ്ഡിതമതം. സമൂഹത്തിന്റെ നരവംശ ശാസ്ത്ര നിഗമനങ്ങള്‍ ശരിയാവുകയായിരുന്നുവെങ്കില്‍ നേരെ തിരിച്ചാണുണ്ടാകേണ്ടിയിരുന്നത്.
പക്ഷെ, ചരിത്രത്തിലെ സംസ്കാരവിഷ്ടങ്ങളില്‍ ബഹുദൈവാവശിഷ്ടങ്ങള്‍ കൂടുതല്‍ കാണുവാനുള്ള കാരണം ഏകദൈവ വിശ്വാസങ്ങളില്‍ അങ്ങിനെ ഒരു പ്രതിമകളോ മറ്റോ ഇല്ല എന്നുള്ളതാണു. അതൊടൊപ്പം തന്നെ പിന്നീടുള്ള സമൂഹങ്ങളില്‍ ആധുനിക സമൂഹത്തില്‍ പോലും കാണുന്ന അവസ്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവാരാധനയിലേക്ക് മാറുന്ന സമൂഹങ്ങളെയാണു.
അതാണു നൂഹ്(അ) ജനതയില്‍ നാം കണ്ടത്, അവര്‍ ആദ്യം ആരാധിക്കണം എന്നു കരുതിയിട്ടല്ല, അവരുടെ ജനതയിലുണ്ടായിരുന്ന നേതാക്കളുടെയും മഹാന്മാരുടെയും പ്രതിമകളെ നിര്‍മിച്ചത്, പക്ഷെ പിന്നീടത് ആരാധനയിലേക്ക് വഴുതി മാറുന്നതായാണു പ്രവാചക വചനം പഠിപ്പിക്കുന്നത്. ഹൂദിന്റെയും സാലിഹിന്റയെയും (അ) ജനതക്ക് ശേഷം ഇബ്രാഹീം നബിയുടെ സമൂഹത്തിലേക്കും ചരിത്രം വരുമ്പോള്‍ ഇതിന്റെ തുടര്‍ച്ച തന്നെ സംഭവിക്കുന്നു.
ബാബിലോണിയയിലാണു ഇബ്രാഹീം നബിയുടെ ജനനവും ആദ്യ ദൗത്യവും, അപ്പോള്‍ നമുക്കവിടെ നം‌റൂദിന്റെ ചരിത്രവും കാണാന്‍ കഴിയുന്നു.
ബാബേല്‍ ഉണ്ടായതിന്ന് ബൈബിളില്‍ ഒരു കഥയുണ്ട്. നാം മുമ്പ് പറഞ്ഞ ഭാഷ വച്ച് മനുഷ്യനെ ചിതറിച്ചപ്പോള്‍
സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു. (ഉത്:11-9)
ഈ ചരിത്രം ഖുര്‍‌ആന്‍ പറയുന്നില്ല, കൂടാതെ നോഹയുടെ പുത്രപാരമ്പര്യത്തില്‍
കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു.
അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി.
എന്നു ഉത്പത്തിയില്‍ പറയുന്നെങ്കിലും
അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും. (മിഖാ-5:6)
എന്നും ബൈബിളില്‍ കാണാം- ഇവിടെ നിമ്രോദ് ദേശമെന്നാണു പറയുന്നത്.
ഇവിടെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിമ്രോദ് എന്നത് പിന്നീട് രാജവംശം സ്വീകരിച്ച നാമമായിരുന്നുവെന്ന്‍ ധരിക്കുന്നതില്‍ തെറ്റില്ല, ഒരു ചരിത്ര വായനക്ക്.
ബൈബിള്‍ നോഹയുടെ പത്താം തലമുറയിലാണു അബ്രഹാമിനെ പറയുന്നത്, ഖുര്‍‌ആനില്‍ അങ്ങിനെ ഒരു തലമുറക്കഥ പറയുന്നില്ല.
അബ്രഹാമിന്റെ പിതാവിന്റെ പേര്‍ തേരഹ് എന്ന് ബൈബിള്‍ പറയുമ്പോള്‍ പ്രവാചന്‍ പഠിപ്പിക്കുന്നത് ഇബ്രാഹീം (അ) ന്റെ പിതാവിന്റെ പേര് ആസര്‍ എന്നാണു.
ഈ വിഷയങ്ങള്‍ ഒരു തര്‍‌ക്കത്തിനല്ല, ശ്രദ്ധയില്‍ കൊണ്ടുവരുന്നു എന്നു മാത്രം.
ബാബിലോൺ ബഹുദൈവതത്വ പ്രകാരം നിമ്രോദ്, ത്രയ ദൈവ സങ്കല്പത്തിലെ പിതാവിന്റെ നാമമായി ആരാധിക്കപ്പെട്ടതായ തെളിവുകളുണ്ട്. Nimrod, Semiramas, and Tammuz. എന്നിവരായിരുന്നു ബാബിലോണിയൻ ത്രിമൂർത്തി ദൈവങ്ങൾ- ഇത് സ്വഭാവികമായും ഭാരതീയ ദൈവ സങ്കല്പനങ്ങളോട് സാമ്യത പുലർത്തുന്ന കഥകൾ ഉൾകൊള്ളുന്നതാണു. പഴയ രാജാവിന്റെ കീർത്തനങ്ങൾ പിന്നീട് ആരാധനയുടെ തലത്തിലേക്ക് ഉയർ‍ന്നതാകാം.
ഖുര്‍‌ആന്‍ പറയുന്നതും നമ്രൂദ് സ്വയം ദൈവമാണെന്നു വാദിച്ചു എന്നാണ്.അവയെല്ലാം ചരിത്രം പറയുമ്പോള്‍ വ്യക്തമാക്കാം.
ഖുര്‍‌ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ കൂടി കൊണ്ടു വരുന്നത് പഴയ പ്രവാചകന്മാരേക്കാള്‍ ഈ ഭാഗം കൂടുതല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്നതും ആധുനിക ചരിത്രത്തിലെ ചില അറിവുകള്‍ ഇവയുമായി ബന്ധപ്പെടുത്താവുന്നതുമാണ് എന്നതിനാലാണു.
ബൈബിളില്‍ അബ്രഹാമിന്റെ പിതാവിന്റെ പേര് തെരെഹ് എന്നു പറയുന്നുണ്ടെങ്കിലും അന്നത്തെ ഒരു സാമൂഹിക ചിത്രവും നല്‍കുന്നില്ല
24. നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.
25. തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26. തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.
27. തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.
28. എന്നാല്‍ ഹാരാന്‍ തന്റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
29. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള്‍ തന്നെ.
30. സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.
31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.
32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)
ഇന്ന ആളുടെ മകന്‍ ഇന്ന ആള്‍, അയാളുടെ മകന്‍ ഇന്ന ആള്‍ എന്ന കഥ പറച്ചിലിന്നപ്പുറം എന്തുകൊണ്ട് ദൈവം പ്രവാചകന്മാരെ തിരഞ്ഞെടുക്കുന്നു, അവരുറ്റെ ദൗത്യമെന്ത് എന്നതെല്ലാം ബൈബിളില്‍ പരതിയാല്‍ ഇവിടെയൊന്നും ഒന്നുമില്ല എന്നതാണു സത്യം.

ഖുര്‍‌ആനിലെ ഇബ്രാഹീം(അ)യുടെ ചരിത്രം തുടങ്ങുന്നത് ഇങ്ങിനെ----

10 comments:

  1. “സമൂഹത്തിന്റെ നരവംശ ശാസ്ത്ര നിഗമനങ്ങള്‍ ശരിയാവുകയായിരുന്നുവെങ്കില്‍ നേരെ തിരിച്ചാണുണ്ടാകേണ്ടിയിരുന്നത്.”

    ചരിത്രം എന്ന് അഗ്രിയില്‍ കണ്ട് കയറിയതാണ്. ക്രി.-മു. ആണെന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും ചരിത്രത്തെ പറ്റി പറയുന്നതിനാല്‍ അതും തെറ്റായ ചില കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കമന്റിടാതെ പോകുന്നത് ചരിത്രം ശരിക്കുമറിയാത്തവരില്‍ തെറ്റിധാരണയുണ്ടാക്കുമെന്നതിനാലും കമന്റിടുന്നു....

    "മാത്രമല്ല ഇന്നേ വരെ കണ്ടെത്തിയ പഴയ മാനവ സമൂഹങ്ങളെല്ലാം തന്നെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണെന്നു കാണാം"

    "മാനവ സമൂഹം” പശ്ചിമേഷ്യനും മുന്‍പേ ആഫ്രിക്കയില്‍ അല്ലേ കാണാന്‍ കഴിയുക? ഒന്നരലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേ!!!! “സമൂഹവും” “സംസ്കാരവും” തമ്മില്‍ വ്യത്യാസമില്ലേ?

    ചരിത്രം എഴുതുമ്പോള്‍ കുറച്ച് കൂടി “ഹോം വര്‍ക്ക്” ചെയ്യുന്നത് നല്ലതാണ് എന്ന് തോന്നുന്നു ഇല്ലെങ്കില്‍ ഇത് പോലെയുള്ള “തെറ്റുകള്‍” കടന്ന് കൂടും :)

    “അതില്‍ ഭാരതീയ മിത്തുകളിലെ പല കഥാപാത്രങ്ങളും ലോകത്തിലെ മറ്റു മിത്തുകളിലെ കഥാപാത്രങ്ങളുമായുള്ള സാമ്യവും അവ വന്ന വഴികളെയെല്ലാം പ്രതിപാതിക്കുന്നുണ്ട്.”
    “പഴയ രാജാവിന്റെ കീർത്തനങ്ങൾ പിന്നീട് ആരാധനയുടെ തലത്തിലേക്ക് ഉയർ‍ന്നതാകാം.”

    പുതിയ മതങ്ങള്‍ രൂപം കൊള്ളുമ്പോള്‍ അതാത് കാലത്തെ “ഇന്‍ഫ്ലുവന്‍സ്” ഉണ്ടാകുന്നത് സ്വാഭാവികം എന്ന് അംഗീകരിക്കുന്നു എന്ന് കണ്ടതില്‍ സന്തോഷം :) അത് കൊണ്ട് തന്നെയാണല്ലോ മുസ്ലീമുകള്‍ അംഗീകരിക്കുന്ന ക്രിസ്ത്യാനികളുടെ ക്രിസ്തുവിന് ഹിന്ദുക്കളുടെ “പഴയ” കൃഷ്ണന്റെ കഥയുമായി സാമ്യം തോന്നുന്നതും അവരുടെ ജനനത്തെ ബുദ്ധന്റെ ജനനവുമായി ബന്ധിപ്പികുവാന്‍ കഴിയുന്നതും :) പണ്ടുണ്ടായിരുന്ന രാജാക്കന്മാരെയും, ദുര്‍ഭരണത്തിനെതിരെ പ്രതികരിച്ചവരെയും ആരാധനാപാത്രമാക്കുന്നവയാണ് മതങ്ങളെല്ലാം എന്ന് താങ്കളെഴുതിയ ഈ വരികളില്‍ നിന്ന് വായിച്ചെടുക്കാം എന്ന് തോന്നുന്നു!!

    “ഈ വിഷയങ്ങള്‍ ഒരു തര്‍‌ക്കത്തിനല്ല, ശ്രദ്ധയില്‍ കൊണ്ടുവരുന്നു എന്നു മാത്രം.” ;)

    ReplyDelete
  2. തുടരുന്നു....

    "ഇനി നരവംശ ശാസ്ത്രജ്ഞര്‍ നല്‍കുന്ന ഒരു കഥ മനുഷ്യന്‍ ആദ്യം പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി എന്നും പിന്നെ അത് ഏക ദൈവ വാദത്തിലേക്ക് എത്തി ചേര്‍ന്നു എന്നുമാണു."

    “ഒരു കഥ”, അതായത് ഒരു വ്യൂ പോയിന്റ് എന്നല്ലേയുള്ളൂ! ബുദ്ധനില്‍ എത്തുമ്പോള്‍ ദൈവമില്ല എന്ന അവസ്ഥയിലാകുന്നില്ലേ!


    “ഇന്നേ വരെ കണ്ടെത്തിയ പഴയ മാനവ സമൂഹങ്ങളെല്ലാം തന്നെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണെന്നു കാണാം.
    ഇത് മനുഷ്യോത്പത്തി തുടങ്ങുന്നത് ഈ പ്രദേശങ്ങളില്‍ നിന്നാണെന്ന വാദത്തിനു അടിത്തറ നല്‍കുന്നു.”

    വളരെ തെറ്റായ ഒരു കണ്‍ക്ലൂഷനാണിത്. “സമൂഹവും” “സംസ്കാരവും” തമ്മില്‍ വ്യത്യാസമുണ്ട്.

    ReplyDelete
  3. മനോജ്-
    ഞാന്‍ ഒരു കാര്യമെഴുതിയപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ലിങ്കും നല്‍കിയിരുന്നു. മനോജാകട്ടെ ഒരു പ്രസ്ഥാവന മാത്രം നല്‍കി അതിനെ ഖണ്ഢിക്കുകയാണു ചെയ്യുന്നത്. അത്തരത്തില്‍ ഒരു മനുഷ്യസമൂഹത്തെ ആഫ്രിക്കയില്‍ നിന്നു കണ്ടെത്തിയതിന്റെ ശാസ്ത്രീയമായ വായനയുണ്ടെങ്കില്‍ തെളിവുകളടക്കം കൊടുക്കുക, എനിക്കും മനസ്സിലാക്കാമല്ലോ?

    ഒരുകാര്യം തെറ്റാണെന്നു വിധിയെഴുതുമ്പോള്‍ വെറുമൊരു പ്രസ്ഥാവനയില്‍ ഒതുക്കാതിരിക്കുക.

    അത് കൊണ്ട് തന്നെയാണല്ലോ മുസ്ലീമുകള്‍ അംഗീകരിക്കുന്ന ക്രിസ്ത്യാനികളുടെ ക്രിസ്തുവിന് ഹിന്ദുക്കളുടെ “പഴയ” കൃഷ്ണന്റെ കഥയുമായി സാമ്യം തോന്നുന്നതും


    എന്താണുദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല- ആ സാമ്യമെന്ത് എന്ന് ഒന്നു വിശദീകരിക്കാമോ?

    തെറ്റുകളൊന്നും ഉണ്ടാകില്ല എന്നു പറയില്ല- തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ തിരുത്താമെന്നെല്ലാതെ.

    “ഒരു കഥ”, അതായത് ഒരു വ്യൂ പോയിന്റ് എന്നല്ലേയുള്ളൂ! ബുദ്ധനില്‍ എത്തുമ്പോള്‍ ദൈവമില്ല എന്ന അവസ്ഥയിലാകുന്നില്ലേ!


    കഥ എന്നോ വ്യൂ പോയന്റ് എന്നോ എന്തു വിളിച്ചാലും കുഴപ്പമില്ല, വാക്കുകളില്ല കാര്യം ആശയത്തിലാണു

    ReplyDelete
  4. "ആ സാമ്യമെന്ത് എന്ന് ഒന്നു വിശദീകരിക്കാമോ?"
    താങ്കള്‍ കളിയാക്കിയതാണോ അതോ!!! കേസരിയുടെ പുസ്തകം വായിച്ചിട്ടുള്ള ഒരാള്‍ക്ക് കൃഷ്ണന്റെയും-ക്രിസ്തുവിന്റെയും-ബുദ്ധന്റെയും താരതമ്യം അറിയില്ല/വായിച്ചിട്ടില്ല എന്നത് വിശ്വസിക്കുവാന്‍ കഴിയുന്നില്ല!!

    “ഒരു വ്യൂ പോയിന്റ് എന്നല്ലേയുള്ളൂ” എന്നതില്‍ “ഒരു” എന്ന വാക്ക് എനിക്ക് വളരെ വലുതാണ് :)

    “മനുഷ്യസമൂഹത്തെ ആഫ്രിക്കയില്‍ നിന്നു കണ്ടെത്തിയതിന്റെ ശാസ്ത്രീയമായ വായനയുണ്ടെങ്കില്‍ തെളിവുകളടക്കം കൊടുക്കുക”

    ഇതിന് മറുപടി തരേണ്ടി വന്ന എന്റെ ഒരു അവസ്ഥ!
    ആഫ്രിക്ക എന്ന് വിക്കിയില്‍ തന്നെ ഒന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടും :)

    താങ്കള്‍ മനപ്പൂര്‍വ്വമാണോ എന്നറിയില്ല 7000ത്തില്‍ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന പോലെ... ഞാന്‍ പക്ഷേ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളവയിലേയ്ക്കും കടന്നു എന്നേയുള്ളൂ...

    CRADLE OF HUMANKINDഉം ഹോമിനിഡുകളും ലൂസിയും അടുത്ത ദിവസങ്ങളില്‍ പോലും മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു!!

    ReplyDelete
  5. ഒരു കാര്യം ചേര്‍ക്കുവാന്‍ മറന്നു. നമ്മുടെ ഇന്ത്യയില്‍ തന്നെ മധ്യപ്രദേശില്‍ ഒരു ഗുഹയുണ്ട്. ബിംബട്ക. വെറൂം ഒരു ലക്ഷം വര്‍ഷം മുന്‍പുള്ള കഥയേ അതിന് പറയുവാനുള്ളൂ എങ്കിലും നാം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. എന്തിനേറേ മറയൂരിനുമില്ലേ ഒരു പതിനായിരത്തിനു മുകളിലുള്ള കഥ പറയുവാന്‍ :)

    ReplyDelete
  6. മുമ്പ് വായിച്ച ഒരു പുസ്തകം അതെപോലെ ഓര്‍മയില്‍ ഇല്ല എന്നു സൂചിപ്പിച്ചിരുന്നു.
    കേസരിയുടെ എല്ലാ അഭിപ്രായങ്ങളെയും വിഴുങ്ങേണ്ട ഒരാവശ്യമെനിക്കില്ല.

    ഞാന്‍ മാനവ സമൂഹമെന്നാണു ഉപയോഗിച്ചത്, അല്ലാതെ മനുഷ്യന്‍ എന്നല്ല. അത് മനപൂര്വ്വം തന്നെ ഉപയോഗിച്ചതാണു. കാരണം മനുഷ്യന്‍ ഒരു പരിണാമത്തിന്റെ ഉല്പന്നമായി ഉണ്ടായതെന്നു ഞാന്‍ കരുതുന്നില്ല. അതിനാല്‍ തന്നെ ഒരു സമൂഹമെന്ന നിലയിലേ അവന്‍ വിവേചനാധികാരമുള്ള മനുഷ്യനായി തീരുന്നുള്ളൂ.

    ReplyDelete
  7. "മനുഷ്യന്റെ" കാര്യം തന്നെയാണ് ഉദ്ദേശിച്ചത്. പരിണാമത്തിന്റെ കാര്യമല്ല അതായിരുന്നുവെങ്കില്‍ പിന്നെയും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലേയ്ക്ക് പോകേണ്ടി വരില്ലേ.

    അല്ല “മനുഷ്യ സമൂഹത്തിന്” 7000 വര്‍ഷത്തെ പഴക്കമേയുള്ളൂ എന്നാണെങ്കില്‍..... :) പക്ഷേ അതല്ല സത്യമെന്നത് താങ്കള്‍ക്കും അറീയാം :) ഇനി വേണമെങ്കില്‍ “മനുഷ്യ സമൂഹം” ഉണ്ടായിട്ട് വെറും 1500 വര്‍ഷമേ ആകുന്നുള്ളൂ എന്നും പറയാം :) "സമൂഹം” എന്തെന്ന നിര്‍വചനത്തെ ആശ്രയിച്ചിരിക്കും അല്ലേ :)

    “ഒരു സമൂഹമെന്ന നിലയിലേ അവന്‍ വിവേചനാധികാരമുള്ള മനുഷ്യനായി തീരുന്നുള്ളൂ”

    നമ്മളേക്കാള്‍ വിവേചനാധികാരം ഞാന്‍ പറഞ്ഞവര്‍ക്കില്ലായിരുന്നു എന്നാണോ!!!

    പിന്നെ കേസരി ഞാന്‍ പറഞ്ഞ വിഷയത്തില്‍ വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. കേസരിയെ വായിക്കുന്നവര്‍ അതേ ജനുസ്സില്‍ പെട്ട മറ്റ് പുസ്തകങ്ങളും വായിച്ചിരിക്കും എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ :)

    താങ്കള്‍ ചര്‍ച്ചയില്‍ ചരിത്രത്തിന്റെ കാര്യം പറഞ്ഞത് കൊണ്ടാണ് ഇത്രയും ഇടപ്പെട്ടത്.

    ReplyDelete
  8. ഇന്ന് ഉത്ഗ്രഥനം ചെയ്ത് കണ്ടെത്തിയതില്‍ ഏറ്റവും പഴയ മാനവ-സമൂഹമെന്നത് സഗ്രോസ് മലയടിവാരത്തെ (Zagros Mountains ) ആര്‍ക്കിയോളജിക്കല്‍ പ്രദേശങ്ങളിലാണെന്നാണു കണ്ടെത്തിയിട്ടുള്ളത്.

    മനുഷ്യ സമൂഹത്തിന് ഏഴായിരം വര്‍ഷം പഴക്കമെയുള്ളൂ എന്ന് ഞാന്‍ എവിടെയും എഴുതിയിട്ടില്ല. ഇന്ന് ഉത്ഗ്രഥനം ചെയ്ത് കണ്ടെത്തിയതില്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ- അതല്ല ഒരു സമൂഹമായി മനുഷ്യന്‍ ജീവിച്ചിരുന്ന തിന്റെ വല്ല ബാക്കി പത്രവും അതിനു മുമ്പ് എവിടെനിന്നെങ്കിലും ഇങ്ങിനെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്ക് ഒന്നു തരാമോ?

    ReplyDelete
  9. :)

    താങ്കളുടെ തന്നെ വിക്കിയില്‍ നിന്ന്

    http://en.wikipedia.org/wiki/Prehistoric_Central_North_Africa

    പിന്നെ താങ്കള്‍ തന്നെ ക്വോട്ട് ചെയ്ത മിനിസോട്ട യൂണിവേര്‍ഴ്സിറ്റിയുടെ ഇമ്യൂസിയത്തില്‍, മിഡില്‍ ഈസ്റ്റില്‍ മാത്രം ക്ലിക്ക് ചെയ്ത് നിര്‍ത്താതെ ആഫ്രിക്കയിലും കൂടി ക്ലിക്കിയിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമായിരുന്നില്ലേ :)

    http://www.mnsu.edu/emuseum/archaeology/sites/africa.html

    ReplyDelete
  10. കാട്ടിപ്പരുത്തി ആദ്യത്തെ മാനവസമൂഹം എന്ന് ഉദ്ദേശിക്കുന്നത് ആദ്യത്തെ കാര്‍ഷികസമൂഹത്തെയാണോ ? നായാട്ടുകാരും ശേഖരരും ( forager ) ഇടയന്മാരും ഉള്‍പ്പെടുന്ന ആദ്യസമൂഹങ്ങളുടെ ലക്ഷണങ്ങള്‍ ആഫ്രിക്കയില്‍ നിന്നുതന്നെയാണ് കിട്ടിയിട്ടുള്ളത്. ഹോമോ ഏറക്റ്റസ് ഉപയോഗിച്ച അച്യൂലിയന്‍ ഉപകരണങ്ങള്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും കിട്ടിയത് ഓര്‍ക്കുക.
    അറിയപ്പെടുന്ന ചരിത്രമോ മതഗ്രന്ഥങ്ങളോ ഒന്നും വൈക്കിങ്ങുകള്‍ക്ക് മുന്‍പ് അമേരിക്കന്‍ മനുഷ്യരില്‍ എത്താത്തത് എന്തുകൊണ്ടാണെന്നും അതിശയിക്കുക

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.