Sunday, April 25, 2010

ഖുര്‍‌ആനിലെ ഇബ്രാഹീം- തുടക്കം


ഖുര്‍‌ആനിലും പ്രാവാചക വചനങ്ങളിലും ഇബ്രാഹീം(അ)ന്റെ ചരിത്രം വളരെ വിശദമായി നല്‍കിയിട്ടുണ്ട്. ഒരു താരതമ്യ പഠനം നടത്തുന്നവര്‍ക്കു വേണ്ടി ഖുര്‍‌ആനിലേയും ബൈബിളിളെയും ചരിത്രങ്ങള്‍ കുറിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ അബ്രഹാമിന്റെ പാലായനം വരെയായിരുന്നുവല്ലോ സൂചിപ്പിച്ചത്, ആ ഭാഗങ്ങള്‍ ഖുര്‍‌ആനിലൂടെ എങ്ങിനെ വായിക്കുന്നു എന്നു നോക്കാം.

ബാബിലോണിയയിലെ ഇബ്രാഹീം നബിയുടെ ജീവിതം ആരംഭിക്കുന്നത്, മുഴുവന്‍ വിഗ്രഹ പൂജകരായ ഒരു സമൂഹത്തിലാണു. ആദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ തന്നെ വിഗ്രഹങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്നും അതല്ല അദ്ദേഹം ഒരു ക്ഷേത്രത്തിലെ പൂജാരി ആയിരുന്നുവെന്നും അഭിപ്രായപ്പെട്ടവരുണ്ട്, അങ്ങിനെ ആയിരുന്നാലും അദ്ദേഹം ഒരു ബിബാരാധകനായിരുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല.

ബാബിലോണിയ അന്നു ഭരിച്ചിരുന്നത് നമ്രോദ് രാജകുടുമ്പമായിരുന്നു. സ്വയം ദിവ്യത്വം അവകാശപ്പെട്ടിരുന്ന ആളായിട്ടാണു ഖുര്‍‌ആന്‍ നിമ്രോദിനെ പരിചയപ്പെടുത്തുന്നത്. ബഹുദൈവ വിശ്വാസ സമൂഹം എല്ലാ കാലത്തും ആരാധ്യരാക്കുന്നത് ഒന്നുകില്‍ വ്യക്തികളെ അല്ലെങ്കില്‍ പ്രാപഞ്ചിക ശക്തികളെയോ ആയിരിക്കും. ചിലപ്പോള്‍ വ്യക്തികളെ പ്രാപഞ്ചിക ശക്തികളുമായി കൂട്ടിയോചിപ്പിച്ചു മറ്റൊരു കഥ മെനയുകയും ചെയ്യും. ഇത് എല്ലാ കാലങ്ങളിലെയും സംസ്കാരങ്ങളിലെയും ബഹുദൈവാരാധനാ രീതികള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയാവുന്നതാണു.

പ്രവാചകത്വം ലഭിച്ച ഇബ്രാഹീം(അ) തന്റെ പ്രബോധന ദൗത്യം തുടങ്ങുന്നത് തന്റെ പിതാവില്‍ നിന്ന്നായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞു-

വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം , എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക്‌ ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. (ഖു:19-41-45)

ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം( ഓര്‍ക്കുക. ) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാന്‍ കാണുന്നു. (ഖു:6:74)

ഇബ്രാഹീം നബിയുടെ വിളിക്ക് പിതാവിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. ഒരാള്‍ക്ക് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും മാന്യമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ ദൗത്യം നിര്‍വച്ചത്. എന്നിട്ടും അത് പിതാവിനെ കോപാകുലനാക്കുകയാണു ചെയ്തത്.

അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതില്‍ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നില്‍ നിന്ന്‌ വിട്ടുമാറിക്കൊള്ളണം.
അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക്‌ രക്ഷയുണ്ടാകട്ടെ. താങ്കള്‍ക്ക്‌ വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു. (ഖു:19-46-47)

ഇബ്രാഹീം(അ) പക്ഷെ തന്റെ പിതാവിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണു ചെയ്തത്. എന്നാല്‍ തന്റെ മാര്‍ഗ്ഗത്തെ ഒരിക്കലും പിതാവ് അംഗീകരിക്കില്ലെന്നു മനസ്സിലായപ്പോള്‍ കയ്യൊഴിഞ്ഞതായും ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു.

ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന്‌ വേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്ദാനം ചെയ്തത്‌ കൊണ്ട്‌ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ ( പിതാവ്‌ ) അല്ലാഹുവിന്‍റെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ ( പിതാവിനെ ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖു:9-114)

ഇബ്രാഹീം(അ) ന്റെ ജനത പലതിനെയും ദൈവങ്ങളായി കരുതിയിരുന്നതായാണു ഖുര്‍‌ആനിലൂടെ നമുക്ക് മനസ്സിലാകുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ദൈവങ്ങളാക്കുന്നതിലെ അര്‍ത്ഥശൂന്യത അദ്ദേഹം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നുണ്ട്.

അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌.

അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട്‌ ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട്‌ ) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. (ഖു:6:75-79)

ബാബിലോണിയക്കാര്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയുമെല്ലാം ആരാധിച്ചിരുന്നതായി തെളിവുകളുണ്ട്. പല ഖനനങ്ങളും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഇബ്രാഹീം നബിയുടെ കാലം ഏത് എന്നത് നമുക്ക് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന ദൈവങ്ങള്‍ എന്ന് നമുക്കുറപ്പിച്ചു പറയാന്‍ കഴിയില്ല. മാത്രമല്ല - ഈ പേരുകളെല്ലാം പലപ്പോഴും നിഗമനങ്ങള്‍ കൂടിയാണു.

ഇബ്രാഹീം (അ) ജനങ്ങളോട് അവര്‍ ആരാധിക്കുന്ന വസ്തുക്കളുടെ പരിതിയും പരിമതിയും വിവരിച്ചു കൊടുത്തു, സ്വാഭാവികമായും അവര്‍ അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഖുര്‍‌ആന്‍ വിവരിക്കുന്നു. രാത്രി കാണുന്നവയെ പകല്‍ കാണില്ല, പകലുള്ളവ രാത്രിയിലുമില്ല. എല്ലാ സമയവും കാണുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള സര്‍‌വ്വ ശക്തനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്രാഹീം (അ) അവരെ ഉപദേശിച്ചു. എന്നാല്‍ അവരുടെ നിലപാടാകട്ടെ,

അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ ( സംഭവിക്കുകയില്ല. ) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌?
നിങ്ങള്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക്‌ യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ്‌ നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? ( പറയൂ; ) നിങ്ങള്‍ക്കറിയാമെങ്കില്‍.

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടി കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
ഇബ്രാഹീമിന്‌ തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.(ഖു:6:81-83)

ഇബ്രാഹീം(അ) തന്റെ ജനതയിലേക്ക് തിരിഞ്ഞു, അദ്ദേഹം അവരെ യാഥാര്‍ത്ഥ്യത്തിലേക്ക് വിളിച്ചു.

ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക്‌ നീ വായിച്ചുകേള്‍പിക്കുക
അതായത്‌ നിങ്ങള്‍ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ?
അഥവാ, അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു ( എന്ന്‌ മാത്രം )
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും
എന്നാല്‍ അവര്‍ ( ബിംബങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ്‌ ഒഴികെ
അതായത്‌ എന്നെ സൃഷ്ടിച്ച്‌ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍
എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍
എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌
എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തുതരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍ - എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ
എന്‍റെ പിതാവിന്‌ നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു
അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ
അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ
( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌ (ഖു:26:69-90)


ഈ ഭാഗങ്ങളൊന്നും തന്നെ ബൈബിളില്‍ കാണാന്‍ കഴിയില്ല, ഇങ്ങിനെ ഒരു ചരിത്രം ബൈബിളിലൂടെയുള്ളതുമല്ല-


1 comment:

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.