Tuesday, April 20, 2010

പേടിത്തൊണ്ടനായ ദൈവം

ബൈബിളിലെ വാചകങ്ങളും വാക്യങ്ങളും കീറി മുറിച്ച് അപഗ്രഥിച്ചു പഠിച്ചിട്ട് മറ്റേതൊക്കെയോ മത ഗ്രന്ഥങ്ങള്‍ സത്യമാണെന്നും കൃസ്ത്യാനികളാകപ്പാടെ തെറ്റിപ്പോയിരിക്കുന്നു എന്നും തെളിയിക്കാനുള്ള വ്യഗ്രത ചില പോസ്റ്റുകളില്‍ അനുസ്യൂതം തുടര്‍ന്നു വരുന്നതു കാണുന്നു. ഇരപിടിക്കുവാനുള്ള ലാക്കോടെ ഉദ്വേഗജനകമായ തലക്കെട്ടുമായി വരുന്ന ഇത്തരം പോസ്റ്റുകള്‍ അവഗണിക്കപ്പെടുന്നതു തികച്ചും സ്വാഭാവികം മാത്രം.

സജി എന്ന കൃസ്ത്യന്‍ ബ്ലോഗ്ഗറുടെ ഒരു പോസ്റ്റ് തുടങ്ങുന്നത് തന്നെ ഇങ്ങിനെയാണു. ഒരാശയത്തിലെ ഒരു വാക്കിനെ മാത്രം എടുത്ത് നമുക്ക് പല്രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും, തീര്‍ച്ചയായും അങ്ങിനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് അപലനീയം തന്നെയാണു. പക്ഷെ, ഞാന്‍ വാക്കുകളെയല്ല എടുക്കുന്നത്, മറിച്ച് ആശയത്തെയാണ്. ആശയങ്ങളെയും തൊടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ അല്പം പ്രയാസമുണ്ട്.

മാത്രമല്ല, ബ്ലോഗില്‍ എല്ലാറ്റിനെ കുറിച്ചും വിമര്‍‌ശനമുണ്ട്, നാം എവിടെ നില്‍ക്കുന്നുവോ- ആ ഭാഗത്തെ വിമര്‍‌ശനം നമ്മെ പൊള്ളിക്കും. അത് സ്വാഭാവികമാണു. മതമൊന്നുമില്ലെന്നു പറയുന്നവര്‍ അവരുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള പോസ്റ്റുകളെ അതി ശക്ത്മായി തന്നെ നേരിടുന്നുണ്ടല്ലോ?

മരിച്ച് പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നു കരുതിയിട്ടൊന്നുമല്ലല്ലോ രക്തസാക്ഷികള്‍ സിന്ദാബാദിച്ചത്.

ആ പോസ്റ്റിനു ക്രൈസ്തവ വിശ്വാസങ്ങളെ വിമര്‍‌ശിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ നിലപാടും ഞാന്‍ വ്യക്തമാക്കുകയുണ്ടായി.

ബൈബിള്‍ അക്ഷരങ്ങളുടെ കൂട്ടങ്ങളാകുമ്പോള്‍ വാക്കുകള്‍ വാദിസ്ഥാനത്തും പ്രതിസ്ഥാനത്തും നില്‍ക്കും. ബൈബിളെന്നാല്‍ വാക്കുകളുടെ കൂട്ടങ്ങളായ പുസ്തകമെന്നാണല്ലോ അര്‍ത്ഥം വരുന്നത്, വായനക്കാരന്റെ വിശ്വാസം പോലെ ദൈവികമായും ചരിത്രമായും വിമര്‍ശനാത്മകമായുമെല്ലാം അത് മാറി മാറി വരും. അതൊരു വായനക്കാരന്റെ അവകാശവും.

വിമര്‍ശനങ്ങള്‍ ബൈബിളിനു മാത്രമല്ല, എല്ലാവര്‍ക്കും ഉണ്ട്, എല്ലാറ്റിനുമുണ്ട്. ഉണ്ടാകട്ടെ. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്കും വിമര്‍ശിക്കപ്പെടുന്നവര്‍ക്കും കൂടുതല്‍ പഠിക്കാന്‍ കൂടി കഴിയുമല്ലോ? അങ്ങിനെ വിമര്‍ശങ്ങള്‍ ഗുണപരമായ ധര്‍മവും നിര്‍‌വഹിക്കട്ടെ- (അവിടെയിട്ട കമെന്റ്)

ഇതാണെന്റെ നിലപാട്. അത് ഖുര്‍‌ആന്‍ വിമര്‍ശനത്തോടുമതെ. എനിക്ക് ഖുര്‍‌ആന്‍ വിശ്വസിക്കാന്‍ എത്ര അവകാശമുണ്ടോ, അത്രയും അതിനെ വിമര്‍‌ശിക്കാന്‍ അതില്‍ വിശ്വസിക്കാത്തവര്‍ക്ക് അവകാശമുണ്ട്. ഖുര്‍‌ആന്‍ വിമര്‍‌ശനങ്ങള്‍ എന്നെ കൂടുതല്‍ ഖുര്‍‌ആനോട് അടുപ്പിച്ചു എന്നതാണു സത്യം. കൂടുതല്‍ പഠിക്കാന്‍ അത് അവസരം തന്നു. ചില ക്രൈസ്തവ മിഷണരിമാരുടെ പോസ്റ്റുകളാണു ബൈബിളിനെ കുറിച്ച് കൂടുതല്‍ ഒരന്യേഷനത്തിന് എനിക്കു പ്രേരകമായത്. അതിന് എനിക്കവരോട് നന്ദിയുണ്ട്.

ബൈബിളിലെ ഒരാശയത്തിലെ ഒരു വാക്കിനെയല്ല ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത്, ആശയത്തെ തന്നെയാണു. അതില്‍ ഞാന്‍ കപടത കളിക്കുന്നുവെങ്കില്‍ എന്റെ ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. അത്തരത്തിലുള്ള ഒരു കമെന്റും ഡിലീറ്റുകയില്ല എന്നു വാക്കു തരുന്നു. ചര്‍ച്ച കാടു കയറുമ്പോള്‍, അഥവാ വിഷയത്തില്‍ നിന്നു മാറി പോകുമ്പോള്‍ നിയന്ത്രിക്കുമെന്നല്ലാതെ.

ഇനി ബൈബിളിലെ ഭാഷകളുടെ ഉത്പത്തിയെ കുറിച്ച് ഒരു ചരിത്രമുണ്ട്.

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. അതിനാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ താമസിച്ചു .

അവര്‍ തമ്മില്‍ വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
" വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക" എന്നു അവര്‍ പറഞ്ഞു.

മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു. അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല.

വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.

ഇതിലെ യഹോവയെ നോക്കുക. ഭൂമിയില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ യഹോവ താഴെക്കിറങ്ങി വന്നു നോക്കണം. പിന്നെയോ മനുഷ്യര്‍ സംഘടിച്ചാല്‍ ചെയ്‍വാന്‍ ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല എന്നു ഭയപ്പെടുന്നു. എന്നിട്ട് ആകാശത്തോളം ഉയര്‍ച്ചയുണ്ടാകുമായിരുന്ന ഒരു ഗോപുരത്തെ ഇല്ലാതാക്കുന്നു- ഇതെല്ലാം ഏത് അളവുകോല്‍ വച്ചാണ് ദൈവത്തെ അളക്കാന്‍ ഉപയോഗിക്കുന്നത്?

ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും കൂടിയാലും ദൈവത്തിന്റെ ഏതെങ്കിലും ഒരു ഉന്നതിക്കടുത്തെത്താന്‍ മനുഷയ്നു കഴിയുമോ?

അക്ഷരമെടുക്കാതെ ഏത് ആത്മാവുപയോഗിച്ചാണ് ഇത് മനസ്സിലാക്കാന്‍ കഴിയുക.

പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ കത്തില്‍ ഒരു കാര്യം സൂചിപ്പിക്കുന്നു, “ അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കും.“ (2 കൊരിന്ത്യര്‍ 3:6)

ബൈബിളിലെ വാചകങ്ങള്‍ കീറി മുറിക്കുന്നവരോട് ബൈബിള്‍ പറയുന്നു, “അക്ഷരം നിങ്ങളെ കൊല്ലും
- എന്ന് സജി എഴുതുന്നുണ്ട്.

സജീ- അക്ഷരങ്ങളെ കീറി മുറിക്കുകയല്ല, ഒരു ദൈവവചനത്തിന് ദൈവ വചനങ്ങളുടെ മഹത്വമുണ്ടാകണം, അല്ലാത്ത വചനങ്ങളെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ ആത്മാവ് അത് പറയുന്ന അക്ഷരങ്ങളെ പോലെയാകും. ജീവനില്ലാത്ത---

No comments:

Post a Comment

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.