Monday, April 26, 2010

വിഗ്രഹങ്ങളും നമ്രൂദും-


വിഗ്രഹങ്ങളുടെയും പ്രകൃതി ശക്തികളുടെയും നിസ്സാരത ചൂണ്ടിക്കാണിച്ച ഇബ്രാഹീം നബി അവ പ്രായോഗികമായും അവര്‍ക്കു കാണിച്ചു കൊടുത്തു. ആ നാട്ടില്‍ ഒരു ഉത്സവമുണ്ടായിരുന്നു. തനിക്കു സുഖമില്ലെന്നും അതിനാല്‍ അവിടേക്ക് വരുന്നില്ലെന്നും യുവാവായ ഇബ്രാഹീം(അ) പറഞ്ഞു.
തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?
എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ? തുടര്‍ന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.(ഖു:37: 85-93)
നിങ്ങള്‍ തിന്നുന്നില്ലേ? എന്ന ചോദ്യം വരുന്നത് അദ്ദേഹം അവിടെ ചെന്നപ്പോള്‍ കണ്ടത് വിഗ്രഹങ്ങള്‍ക്കടുത്തെല്ലാം നിറയെ അവര്‍‌ക്കായി അര്‍പ്പിച്ച ഭക്ഷണ സാധനങ്ങളായിരുന്നു, അതിനെ നോക്കിയാണ് അവരോടായി നിങ്ങള്‍ തിന്നുന്നില്ലേ എന്നു ചോദിക്കുന്നത്.
ഖു‌ര്‍‌ആനില്‍ മറ്റൊരു ഭാഗത്ത് ഇങ്ങിനെ കാണാം-
തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങള്‍ കണ്ടത്‌. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.
അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത്‌ സത്യവും കൊണ്ട്‌ വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട്‌ പോയതിന്‌ ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌.
അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക്‌ ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക്‌ തിരിച്ചുചെല്ലാമല്ലോ?
അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട്‌ ഇത്‌ ചെയ്തവന്‍ ആരാണ്‌? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്‌. ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട്‌ വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.
അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്‌ ഇതു ചെയ്തത്‌? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട്‌ ചോദിച്ച്‌ നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സകളിലേക്ക്‌ തന്നെ മടങ്ങി. എന്നിട്ടവര്‍ ( അന്യോന്യം ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ്‌ അക്രമകാരികള്‍. പിന്നെ അവരുടെ വിചാരം തലകുത്തനെ മറിഞ്ഞു. ( അവര്‍ പറഞ്ഞു: ) ഇവര്‍ സംസാരിക്കുകയില്ലെന്ന്‌ നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു:21:52-67)

അവര്‍ വന്നപ്പോള്‍ കാണുന്നത് വലിയ വിഗ്രഹത്തിന്റ് കഴുത്തില്‍ ഒരു മഴുവും മറ്റെല്ലാ വിഗ്രഹങ്ങള്‍ തകര്‍ന്നും കിടക്കുന്നതാണു, അവര്‍ തങ്ങളുടെ ദൈവങ്ങളുടെ അവസ്ഥ കണ്ട് കോപാലുകരായി, അവര്‍ ഇബ്രാഹീമിനെ വിചാരണ ചെയ്തു. ഇബ്രാഹീം അവരോട് പറഞ്ഞു. നിങ്ങള്‍ ആ വലിയ വിഗ്രഹത്തോട് ചോദിച്ചു നോക്കുക, അവര്‍ക്ക് മറുപടിയില്ലായിരുന്നു. അതിനാല്‍ തങ്ങളുടെ ദൈവങ്ങളെ തകര്‍ത്ത ഇബ്രാഹീം(അ)നെതിരെ നടപടികള്‍ക്കൊരുങ്ങി. ഇബ്രാമിനെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി-
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.(ഖു:21:68)
ഇബ്രാഹീം(അ) ചുട്ടെരിക്കാന്‍ അവര്‍ ഒരു വലിയ തീകുണ്ഡമൊരുക്കി. നാട്ടിലെ എല്ലാ സ്ത്രീകളും അതിലേക്കുള്ള വിറകുകള്‍ ശേഖരിച്ചു. ഇബ്രാഹീം(അ)ഒരു ചങ്ങലയില്‍ ബന്ധിച്ചവനായി കൊണ്ടു വന്നു, അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു. എനിക്ക് സം‌രക്ഷകനായി അല്ലാഹു മതി. അഗ്നി ആകാശത്തോളമുയര്‍ന്നു, അവര്‍ അതിലേക്ക് അദ്ദേഹത്തെ എടുത്തെറിഞ്ഞു.
എല്ലാ പ്രവാചകര്‍‌ക്കും അസന്നിഗ്ദ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ സഹായം വ്ന്നെത്തുക തന്നെ ചെയ്യും, അല്ലാഹുവിന്റെ കൃപ ഇബ്രാഹീം(അ)ലുമുണ്ടായി. അല്ലാഹു കല്പിച്ചു.
നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക. (ഖു:21:69)
ജനങ്ങള്‍ നോക്കി നില്‍ക്കെ ഇബ്രാഹീം(അ) ആ വലിയ അഗ്നികുണ്ഡം കത്തിയമരുന്നത് വരെ അതില്‍ സുഖകരമായ അന്തരീക്ഷത്തില്‍ അവിടെ നിന്നു.
അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്തത്‌.(ഖു:21:70)
ഈ വലിയ ദൃഷ്ടാന്തം കണ്ടിട്ടും അവര്‍ അല്ലാഹുവിനെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല. ഈ വിവരങ്ങള്‍ നമ്രോദ് അറിഞ്ഞു. ഇബ്രാഹീം നബിയുടെ ജന്മ സ്ഥലമായ ബാബിലോണിയയിലെ രാജാവായിരുന്നു നമ്രോദ് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ അദ്ദേഹം ഇബ്രാഹീമിനെ വിളിപ്പിച്ചു. നമ്രോദാകട്ടെ സ്വയം ദൈവമാണെന്നു പറഞ്ഞിരുന്നതായാണു ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ തമ്മിലുള്ള ചില സംഭാഷണങ്ങള്‍ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നു.
ഇബ്രാഹീമിനോട്‌ അദ്ദേഹത്തിന്‍റെനാഥന്‍റെകാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന്‌ ആധിപത്യം നല്‍കിയതിനാലാണ്‌ ( അവനതിന്‌ മുതിര്‍ന്നത്‌. ) എന്‍റെനാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന്‌ ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു:2:258)

താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുമെന്ന് കാണിക്കുവാന്‍ നമ്രൂദ് ചെയ്തത് രണ്ടാളെ കൊണ്ട് വരാന്‍ കല്പ്പിക്കുകയും അതിലെ ഒരാളെ കൊല്ലുകയും മറ്റെയാളെ വിട്ടയക്കുകയും ചെയ്തു. എന്നിട്ട് മരണവും ജീവിതവും താന്‍ നല്‍കി എന്നു തെളിയിച്ചു. അപ്പോഴാണു അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക എന്ന് ഇബ്രാഹീം നബി ആവശ്യപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം ഇബ്രാഹീം നബി ബാബിലോണില്‍ നിന്നു ശ്യാമിലേക്ക് (സിറിയ) പാലായനം ചെയ്യാനുള്ള അല്ലാഹുവിന്റെ കല്പന കിട്ടി. ഈ സംഭവങ്ങള്‍ ഒന്നും തന്നെ ബൈബിളിലില്ലെന്ന് മാത്രമല്ല, അബ്രഹാം തന്റെ പിതാവുമൊന്നിച്ച് യാത്രചെയ്തു എന്നും ആ വഴിയില്‍ വച്ച് പിതാവ് മരണപ്പെട്ടു എന്നുമാണു ബൈബിളില്‍ കാണുന്നത്.
31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)

യാത്രയിലെ ചില സംഭവങ്ങള്‍ ബൈബിളും ഖുര്‍‌ആനും പറയുന്നുണ്ട്, അതാകട്ടെ അടുത്ത പോസ്റ്റില്‍ -


4 comments:

  1. ഇവടള്ളത് അവടേം വേണംന്ന്ണ്ടോ?

    ReplyDelete
  2. വേണമെന്നു പറഞ്ഞിട്ടില്ല- ഒരു വായനക്ക് വച്ചതു മാത്രം

    ReplyDelete
  3. "ഒരു ചങ്ങലയില്‍ ബന്ധിച്ചവനായി കൊണ്ടു വന്നു, അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു. എനിക്ക് സം‌രക്ഷകനായി അല്ലാഹു മതി. അഗ്നി ആകാശത്തോളമുയര്‍ന്നു, അവര്‍ അതിലേക്ക് അദ്ദേഹത്തെ എടുത്തെറിഞ്ഞു."

    വോ!!!!!!!!!! അതിയാനായിരിക്കുമോ മുതുകാടിന്റെ മുതു മുത്തശ്ശന്‍?

    ReplyDelete
  4. ഈ കലാപരുവാടി നടന്നത് കുന്നംകുളത്തെങ്ങാനും വച്ചാണോ അല്ല ഡ്യൂപ്ലികേറ്റ് തീ എന്നൊക്കെ പറയുമ്പോള്‍ :)

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.